തൃശ്ശൂര്‍: സംസ്ഥാനത്ത് കോവിഡ് 19 കൂടുതല്‍ പേരിലേക്ക് വ്യാപിക്കുന്ന സാഹചര്യത്തില്‍ ജാഗ്രത നടപടികള്‍ ശക്തമാക്കിയിരിക്കുകയാണ്. കടുത്ത നിയന്ത്രണങ്ങള്‍ പാലിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യം കണക്കിലെടുത്ത് പള്ളികളില്‍ അംഗസ്‌നാനത്തിന്(വുളു) ഹൗള്‍ ഉപയോഗം മസ്ജിദുകള്‍ താല്‍ക്കാലികമായി ഒഴിവാക്കി.
സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് ഉള്‍പ്പടെ പള്ളികളില്‍ വിശ്വാസികള്‍ ഒത്തുകൂടുന്ന സമയങ്ങളില്‍ ജാഗ്രത പുലര്‍ത്താന്‍ സജ്ജീകരണം ഏര്‍പ്പെടുത്തി. വിശ്വാസികള്‍ വീട്ടില്‍ നിന്ന് സമ്പൂര്‍ണ്ണ അംഗശുദ്ധിവരുത്തി ഹൗള്‍ ഉപയോഗം താല്‍ക്കാലികമായി ഒഴിവാക്കണമെന്ന് പള്ളികളില്‍ നിന്ന് നിര്‍ദേശം നല്‍കി കഴിഞ്ഞു.
പല പള്ളികളിലും ഹൗളുകള്‍ വറ്റിച്ച് പകരം പൈപ്പ് വഴിയാണ് അംഗസ്‌നാനം നടത്തുന്നത്. ഇതിനൊപ്പം ജുമുഅ നമസ്‌കാരം, പ്രാര്‍ത്ഥന എന്നിവ ലഘൂകരിക്കാനും തീരുമാനിച്ചു. വളരെ വേഗത്തില്‍ കുറഞ്ഞ സമയം കൊണ്ട് പ്രാര്‍ത്ഥനയും നമസ്‌കാരവും പൂര്‍ത്തിയാക്കി വിശ്വാസികള്‍ പിരിഞ്ഞു പോകാനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി.
വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിന് കര്‍ശന ജാഗ്രത വേണമെന്നും വിശ്വാസികള്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും പണ്ഡിതര്‍ ആവശ്യപ്പെട്ടു. അത്യാഹിത ഘട്ടങ്ങളില്‍ വിശ്വാസികള്‍ നമസ്‌കാരത്തില്‍ നിര്‍വ്വഹിക്കുന്ന പ്രത്യേക പ്രാര്‍ഥനയായ നാസിലത്തിന്റെ ഖുനൂതും വിവിധയിടങ്ങളില്‍ ആരംഭിച്ചിട്ടുണ്ട്.