തൃശ്ശൂര്‍: കഴിഞ്ഞ ദിവസം കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച തൃശ്ശൂര്‍ സ്വദേശിയുടെ ആരോഗ്യനില തൃപ്തികരമെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍. കഴിഞ്ഞ മൂന്ന് ദിവസമായി രോഗിക്ക് ചുമയും പനിയും ജലദോഷവുമില്ലെന്നാണ് തൃശ്ശൂര്‍ ഡിഎംഒ അറിയിച്ചത്.
അതേസമയം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് മുമ്പ് ഈ രോഗി എവിടെയൊക്കെ പോയി, ആരൊക്കെയായി ഇടപഴകി തുടങ്ങിയ കാര്യങ്ങള്‍ കണ്ടെത്തി റൂട്ട് മാപ്പ് തയ്യാറാക്കി വരികയാണെന്നും അധികൃതര്‍ വ്യക്തമാക്കി. കൊവിഡ് 19 ബാധയുമായി കേരളത്തിലെത്തിയ പത്തനംതിട്ട റാന്നി സ്വദേശികളായ കുടുംബം സഞ്ചരിച്ച അതേ വിമാനത്തില്‍ യാത്ര ചെയ്ത 21 വയസുള്ള യുവാവിനാണ് ഇപ്പോള്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നിയിലെ കുടുംബത്തിന്റെ സമ്പര്‍ക്കപട്ടിക തയ്യാറാക്കിയപ്പോഴാണ് ഒപ്പം യാത്ര ചെയ്ത യുവാവിന്റെ വിവരം ലഭിച്ചത്.
ഇതേ തുടര്‍ന്ന് തൃശ്ശൂര്‍ ആരോഗ്യ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ ആളെ കണ്ടെത്തി ഐസോലേഷനില്‍ ആക്കുകയായിരുന്നു. മാര്‍ച്ച് 7നാണ് ഇയാളെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്ന് തന്നെ ഇയാളെ ഹൈ റിസ്ക് വിഭാഗത്തില്‍പ്പെടുത്തി നിരീക്ഷിച്ച് വരികയായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
Discussion about this post