പമ്പ: ശബരിമലയിലെ നിരോധനാജ്ഞ ഈ മാസം 30 വരെ നീട്ടി പത്തനംതിട്ട കലക്ടറുടെ ഉത്തരവ്. ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്നത് ചൂണ്ടിക്കാട്ടിയാണ് കലക്ടറുടെ നടപടി. പമ്പ, നിലയ്ക്കല്‍, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണ് 30 വരെ 144 തുടരുക. പൊതുവില്‍ സമാധാനപരമായ സാഹചര്യമാണു നിലവിലുണ്ടായിരുന്നത്.
നിരോധനാജ്ഞ നീട്ടണമെന്ന് പത്തനംതിട്ട ജില്ലാ പോലീസ് മേധാവി ജില്ലാ കലക്ടര്‍ക്ക് ശിപാര്‍ശ നല്‍കിയിരുന്നു. സാമുദായിക ചേരിതിരിവിനുള്ള പ്രചാരണം നടക്കുന്നുവെന്നും പോലീസ് നല്കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കലക്ടര്‍ നിരോധനാജ്ഞ നീട്ടിയത്.
24ന് സന്നിധാനത്തുണ്ടായ പ്രതിഷേധത്തെ തുടര്‍ന്ന് 82 പേരെയും 25ന് പ്രകടനങ്ങള്‍ നടത്തിയതിനു 8 പേരെയും അറസ്റ്റു ചെയ്തുനീക്കി. ഇങ്ങനെ ക്രമസമാധാന പ്രശ്നങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിരോധനാജ്ഞ തുടരാവുന്നതാണെന്നു പത്തനംതിട്ട കലക്ടറുടെ ഉത്തരവില്‍ പറയുന്നു.
നിരോധനാജ്ഞ നീട്ടേണ്ട സാഹചര്യമില്ലെന്നായിരുന്നു റവന്യു വകുപ്പിന്റെ നിലപാട്. മിക്ക ദിവസവും രാത്രിയില്‍ നാമജപം നടക്കാറുണ്ടെന്നും കഴിഞ്ഞദിവസം 82 പേരെ അറസ്റ്റ് ചെയ്തു വിട്ടയച്ചെന്നും പോലീസ് റിപ്പോര്‍ട്ട് നല്കി. നിരോധനാജ്ഞ ഇന്ന് അര്‍ധരാത്രി അവസാനിക്കുന്നതിനു മുന്നോടിയായാണു കലക്ടറുടെ നടപടി.
Discussion about this post