കോഴിക്കോട്: കോവിഡ് 19 വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് നിരീക്ഷണത്തിലായിരുന്ന കോഴിക്കോട്ടെ പത്ത് പേരുടെ പരിശോധനാ ഫലം നെഗറ്റീവ്. ബുധനാഴ്ച വരെയുള്ള പരിശോധന ഫലമാണിത്. ഇവരിൽ അഞ്ച് പേർ മെഡിക്കൽ കോളേജിലും അഞ്ച് പേർ ബീച്ച് ആശുപത്രിയിലുമായിരുന്നു നിരീക്ഷണത്തിലുണ്ടായിരുന്നത്. അതേസമയം, പത്തനംതിട്ടയിലും രണ്ട് പേരുടെ പരിശോധനാ ഫലവും നെഗറ്റീവാണ്. നേരത്തെ വൈറസ് ബാധിതരുമായി ഏറ്റവും അടുത്ത സമ്പർക്കത്തിൽ ഏർപ്പെട്ട 165 പേരെ ഹൈ റിസ്ക്ക് വിഭാഗത്തിൽ ഉൾപ്പെടുത്തിയിരുന്നു. വ്യാഴാഴ്ച നെഗറ്റീവ് ഫലം വന്ന രണ്ട് പേരും ഈ വിഭാഗത്തിൽപ്പെട്ടവരാണ്. പന്ത്രണ്ട് പേരുടെ ഫലങ്ങൾ കൂടി ഇന്ന് ലഭിച്ചേക്കുമെന്നാണ് വിവരം. നിലവിൽ 27 പേരാണ് ജില്ലയിൽ ഐസൊലേഷൻ വാർഡിൽ നിരീക്ഷണത്തിൽ കഴിയുന്നത്.
ഇതിനിടെ, കോട്ടയത്ത് രോഗം സ്ഥിരീകരിച്ച രണ്ട് വൃദ്ധരായ രോഗികളുടെ ആരോഗ്യനിലയിൽ നേരിയ പുരോഗതിയുണ്ടെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. പ്രായത്തിന്റെ അവശതകളുള്ളതിനാൽ രണ്ട് പേരും തീവ്രപരിചരണ വിഭാഗത്തിൽ തുടരുകയാണ്. ഇതോടൊപ്പം ജില്ലയിൽ നിരീക്ഷണത്തിലുള്ള ഏഴ് പേർക്ക് വൈറസ് ബാധയില്ലെന്നും സ്ഥിരീകരിച്ചു.
വൈറസ് ബാധ സംശയിച്ച് കൊല്ലത്ത് രണ്ടുപേരെ കൂടി ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്്. 12 പേരാണ് നിലവിൽ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. രോഗം സ്ഥിരീകരിച്ച റാന്നി സ്വദേശികൾ എത്തിയ പുനലൂരിലെ ബേക്കറിയിലെ രണ്ട് ജീവനക്കാരും ഇവരിൽ ഉൾപ്പെടുന്നു.