പക്ഷിപ്പനി; കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം

ഫറോക്ക്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോഴിയിറച്ചി, കുഴിമന്തി, ഷവര്‍മ എന്നിവയുടെ വില്‍പ്പന നിര്‍ത്താന്‍ നിര്‍ദേശം നല്‍കി നഗരസഭ. നഗരസഭാ മേഖലയില്‍ കോഴി ഇറച്ചി, ഷവര്‍മ്മ, കുഴിമന്തി എന്നിവയുടെ വില്‍പ്പന താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ആരോഗ്യ വിഭാഗമാണ് നിര്‍ദേശം നല്‍കിയത്. ഉദ്യോഗസ്ഥര്‍ സ്ഥാപനങ്ങളില്‍ നേരിട്ടെത്തിയാണ് നിര്‍ദേശം നല്‍കിയത്.

ഇതിനു പുറമെ വഴിയോരങ്ങളിലെ ഐസ് ഉപയോഗിച്ചുള്ള ശീതള പാനിയങ്ങള്‍, പാനിപൂരി, കുല്‍ഫി എന്നിവയുടെ വില്‍പ്പനയ്ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച് നഗരസഭാ നടപടികളോട് പൂര്‍ണമായി സഹകരിക്കുമെന്ന് വ്യാപാരികളും അറിയിച്ചു.

കൊവിഡ് 19, പക്ഷിപ്പനി ജാഗ്രതയുടെ ഭാഗമായി നഗരസഭാധ്യക്ഷ കെ കമറുലൈല വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തിലാണ് ഇത്തരത്തിലൊരു തീരുമാനം കൈക്കൊണ്ടത്. കൊവിഡ് 19 വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രദേശത്ത് നടത്താനിരുന്ന വിവിധ പൊതുപരിപാടികള്‍ മാറ്റിവെച്ചു. കോഴിക്കോട് ജില്ലയില്‍ വെങ്ങേരിയിലും കൊടിയത്തൂരിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Exit mobile version