കണ്ണൂര്‍: സംസ്ഥാനത്ത് കൊറോണ ഭീതി നിലനില്‍ക്കുമ്പോള്‍ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ ജാമ്യമില്ലാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്യുമെന്ന് ഡിജിപി ലോക് നാഥ് ബെഹ്‌റ. ഡിജിപി ലോക് നാഥ് ബെഹ്‌റ വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
അതെസമയം രോഗബാധയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിച്ച സംഭവത്തില്‍ സംസ്ഥാനത്ത് ഇതുവരെ 8 പേരെ അറസ്റ്റ് ചെയ്തു. 11 കേസുകളും രജിസ്റ്റര് ചെയ്തിട്ടുണ്ട്. തെറ്റായ വാര്ത്തകള് പോസ്റ്റ് ചെയ്യുന്നവര്‌ക്കൊപ്പം ഇത് ഷെയര് ചെയ്യുന്നവര്‌ക്കെതിരെയും കേസെടുക്കുമെന്ന് പോലീസും വ്യക്തമാക്കി.
കണ്ണൂര്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളിന് കൊറോണ സ്ഥിരീകരിച്ചു എന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച ആള്‍ക്കെതിരെയാണ് കണ്ണൂരില്‍ ആദ്യ കേസ് രജിസ്റ്റര്‍ ചെയ്തത്. മലപ്പുറത്ത് രണ്ടും എറണാകുളത്തും പാലക്കാടും ഓരോ കേസുകളുമാണ് ഇന്നലെ രജിസ്റ്റര്‍ ചെയ്തത്.
സംസ്ഥാനത്തെ ഓരോ സ്റ്റേഷന്‍ പരിധിയിലും പ്രത്യേക സംഘം സോഷ്യല്‍ മീഡിയ നിരീക്ഷിക്കും. വ്യാജ സന്ദേശങ്ങള്‍ അയക്കുന്നവരുടെ ശബ്ദം തിരിച്ചറിയാന്‍ സൈബര്‍ ഡോമിന്റെ സഹായം തേടും. പൊതുജനങ്ങള്‍ വ്യാജ പ്രചാരണങ്ങള്‍ ഷെയര്‍ ചെയ്താല്‍ ഇതിന്റെ സ്‌ക്രീന്‍ ഷോട്ട് തെളിവായി സ്വീകരിച്ച് കേസെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.