തിരുവനന്തപുരം: സംസ്ഥാനം കൊറോണയ്‌ക്കെതിരെ പൊരുതുമ്പോൾ ആരോഗ്യരംഗവും ജനങ്ങളും സർക്കാരിനൊപ്പം ചേർന്ന് രാജ്യത്തിന് തന്നെ മാതൃകയാവുന്ന കാഴ്ചയാണ് കാണാനാവുന്നത്. മറ്റ് സംസ്ഥാനങ്ങൾക്ക് പോലും അനുകരിക്കാവുന്ന തരത്തിലാണ് കേരള മോഡൽ പ്രതിരോധം. എന്നാൽ നിയമസഭയിലടക്കം ഈ ഊണും ഉറക്കവും ഉപേക്ഷിച്ചുള്ള ആരോഗ്യപ്രവർത്തകരുടെ പ്രയത്‌നത്തെ ആക്ഷേപിക്കാനാണ് കേരളത്തിലെ പ്രതിപക്ഷം ശ്രമിച്ചത്. ഇത്തരത്തിലുള്ള കുറ്റപ്പെടുത്തലുകൾ കാരണം ആരോഗ്യപ്രവർത്തകർ തളരാതിരിക്കാൻ പരോക്ഷമായി മറുപടി നൽകികൊണ്ട് കേരളം ഒറ്റക്കെട്ടായി നിൽക്കുന്ന കാഴ്ചയാണ് സോഷ്യൽമീഡിയയിൽ കാണാനാവുക.
ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചർ ഔദ്യോഗിക ഫേസ്ബുക്ക് പേജിലിട്ട കുറിപ്പുകൾക്ക് താഴെയാണ് മലയാളികളുടെ യഥാർത്ഥ നന്മ കാണാനാവുക. കൊറോണ ബാധിതരെ പ്രവേശിപ്പിക്കുന്ന ഐസൊലേഷൻ വാർഡുകളിൽ ജോലി ചെയ്യാൻ സന്നദ്ധത അറിയിച്ച് സ്ത്രീ പുരുഷ ഭേദമന്യെ നിരവധി ആളുകൾ രംഗത്തെത്തിയിരിക്കുന്നത്. ഫോൺ നമ്പർ അടക്കമുള്ള വിവരങ്ങൾ പങ്കുവെച്ച് സൗജന്യമായി സേവനത്തിന് തയ്യാറാണെന്നും അടിയന്തരസാഹചര്യത്തിൽ പണമൊന്നും വേണ്ടെന്നും നാടിന്റെ നന്മയാണ് പ്രധാനമെന്നും ഇവർ കുറിക്കുന്നു.
നഴ്‌സിങ് കഴിഞ്ഞവർ ഉൾപ്പടെയുള്ളവരാണ് കൊറോണ ബാധിതരെ സേവിക്കാനും പ്രരിചരിക്കാനും സ്വയം സന്നദ്ധരായി ഫേസ്ബുക്കിലൂടെ മുന്നോട്ട് വന്നിരിക്കുന്നത്. ഡ്രൈവർമാരായ ആളുകളാകട്ടെ ആംബുലൻസ് ഡ്രൈവറെ ആവശ്യമുണ്ടെങ്കിൽ അറിയിക്കണമെന്നും എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും അറിയിച്ചും രംഗത്തെത്തിയിട്ടുണ്ട്. കൊറോണയെ ഭയന്ന് ആളുകൾ പുറത്തിറങ്ങാൻ പോലും മടിക്കുന്നതിനിടെയാണ് സ്വയം സന്നദ്ധരായി ഒരു കൂട്ടം രംഗത്തെത്തിയത് എന്നതും ആശ്വാസമാണ്.
‘ഞാനും നഴ്‌സിങ് പഠിച്ചതാണ്, വർക്ക് ചെയ്യുന്നില്ല, കൊറോണ രോഗികളെ നോക്കാൻ ഐസൊലേഷൻ വാർഡിലോ ഒബ്‌സർവേഷൻ വാർഡിലോ മറ്റെവിടെയെങ്കിലോ ഏതെങ്കിലും തരത്തിൽ സ്റ്റാഫിന്റെ കുറവോ പോരായ്മയോ വന്നാൽ ഞാനും വരാം. സാലറി ഒന്നും വേണ്ട. നമുക്ക് ഒറ്റക്കെട്ടായി നേരിടാം’ ശാലിനി ശ്രീനാഥ് എന്ന യുവതി കെകെ ശൈലജ ടീച്ചറുടെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിൽ കുറിച്ച കമന്റാണിത്. റാന്നി മേനാംതോട്ടം മെഡിക്കൽ മിഷൻ ആശുപത്രിയിലും പന്തളം അർച്ചന ആശുപത്രിയിലും ഐസൊലേഷൻ വാർഡ് തുറക്കുമെന്ന മന്ത്രിയുടെ അറിയിപ്പിന് താഴെയാണ് അടിയന്തര സാഹചര്യത്തിൽ സഹായം എത്തിക്കാൻ തയ്യാറാണെന്ന് ഒരുപാട് പേർ അറിയിച്ചിരിക്കുന്നത്.
ശാലിനി എന്ന യുവതിയുടെ കമന്റിന്റെ മാതൃകയിൽ നിരവധി കമന്റുകൾ ഈ പോസ്റ്റിന് കീഴിൽ കാണാം.ഇത്തരത്തിലുള്ള സന്മനസുള്ളവരെ അഭിനന്ദിക്കുകയാണ് സോഷ്യൽമീഡിയ ഒന്നാകെ.