മലപ്പുറം: സംസ്ഥാനത്ത് കോഴിക്കോടിന് പുറമെ മലപ്പുറം ജില്ലയിലും പക്ഷിപ്പനി സ്ഥിരീകരിച്ചു. മലപ്പുറം പാലത്തിങ്ങല്‍ പ്രദേശത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രദേശത്തെ ഒരു വീടിനോട് ചേര്‍ന്ന് നടത്തുന്ന ഫാമിലെ കോഴികളാണ് പക്ഷിപ്പനി ബാധിച്ചു ചത്തതായി സ്ഥിരീകരിച്ചിരിക്കുന്നത്.
നേരത്തേ അധികൃതര്‍ ചത്ത കോഴികളുടെ സാംപിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചിരുന്നു. ഭോപ്പാലിലേക്ക് അയച്ച മൂന്ന് സാംപിളുകളില്‍ രണ്ടും പോസീറ്റിവാണെന്നാണ് അധികൃതര്‍ക്ക് കിട്ടിയ വിവരം. ജില്ലയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറം കളക്ട്രേറ്റില്‍ ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ അടിയന്തരയോഗം ചേര്‍ന്നു സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ട്.
രോഗബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പാലത്തിങ്ങല്‍ പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മുഴുവന്‍ പക്ഷികളേയും കൊന്നു കത്തിക്കാനാണ് തീരുമാനം. ഇതിനുള്ള തീയതിയും സമയക്രമവും ഉടനെ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. കോഴിക്കോട് ജില്ലയിലെ വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശങ്ങളിലാണ് നേരത്തേ പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തത്. രോഗം റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് വേങ്ങേരി, കൊടിയത്തൂര്‍ പ്രദേശത്തെ പത്ത് കിലോമീറ്റര്‍ ചുറ്റളവില്‍ കോഴിയിറച്ചി വില്‍പ്പനയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മാത്രം ആയിരക്കണക്കിന് വളര്‍ത്തുപ്പക്ഷികളെയാണ് കൊന്ന് കത്തിച്ചത്.