പക്ഷിപ്പനി; വളര്‍ത്തുപ്പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയില്‍ വളര്‍ത്തുപ്പക്ഷികളെ കൊല്ലുന്നതിന്റെ രണ്ടാം ഘട്ടം ഇന്ന് ആരംഭിക്കും. ചിലര്‍ വളര്‍ത്തുപ്പക്ഷികളെ ഒളിപ്പിച്ച് വെയ്ക്കുന്ന സാഹചര്യത്തില്‍ പൂര്‍ണ്ണമായും നശിപ്പിക്കാന്‍ കഴിയാത്തത് കൊണ്ടാണ് ദ്രുതകര്‍മ്മ സേന രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നത്.

രണ്ടാം ഘട്ടത്തില്‍ ദ്രുതകര്‍മ്മ സേനയ്‌ക്കൊപ്പം പ്രദേശിക ജനപ്രതിനിധിയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടറും പോലീസും ഉണ്ടാകും. കൊടിയത്തൂര്‍ പഞ്ചായത്തിലാണ് ഏറ്റവും അധികം സേനാംഗങ്ങള്‍ ഇറങ്ങുക. ജനങ്ങള്‍ നടപടികള്‍ തടഞ്ഞാല്‍ കേസ് എടുക്കാനാണ് ജില്ലാ കളക്ടറുടെ നിര്‍ദ്ദേശം. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നാണ് കഴിഞ്ഞ ദിവസം പക്ഷിപ്പനി ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കേന്ദ്ര ആരോഗ്യ സംഘത്തിന്റെ വിലയിരുത്തല്‍.

അതേസമയം പക്ഷിപ്പനി കാരണം മരിക്കുകയോ കൊല്ലേണ്ടി വരികയോ ചെയ്ത കോഴികളുടെ ഉടമകള്‍ക്ക് നഷ്ട പരിഹാരം നല്‍കാന്‍ തീരുമാനിച്ചു. രണ്ടുമാസത്തിലധികം പ്രായമായ കോഴികള്‍ക്ക് 200 രൂപ വീതവും രണ്ടുമാസത്തില്‍ താഴെ പ്രായമുള്ള കോഴികള്‍ക്ക് 100 രൂപ വീതവുമാണ് നഷ്ട പരിഹാരമായി നല്‍കുക. ഇതിനു പുറമെ രോഗബാധിത പ്രദേശത്ത് നശിപ്പിച്ച മുട്ടയൊന്നിന് 5 രൂപ നിരക്കിലും നഷ്ടപരിഹാരം നല്‍കും.

Exit mobile version