കൊല്ലം; നാല് രൂപയുടെ മാസ്‌കിന് 30 രൂപ ഈടാക്കിയപ്പോള്‍ ജോയ് ഫിലിപ്പ് ഒന്നുറപ്പിച്ചു. സ്വന്തമായി മാസ്‌ക് നിര്‍മ്മിച്ച് ജനങ്ങള്‍ക്ക് സൗജന്യമായി നല്‍കണമെന്ന്. അതുപോലെ തന്നെ ചെയ്യുകയും ചെയ്തു. ടെയ്ലര്‍ കൂടിയായ ജോയ് പിറ്റേന്നു തന്നെ തന്റെ കടയില്‍ തുണി ഉപയോഗിച്ചുള്ള മാസ്‌കുകള്‍ നിര്‍മ്മിക്കാന്‍ തുടങ്ങുകയായിരുന്നു. ആവശ്യക്കാര്‍ക്ക് മാസ്‌കുകള്‍ സൗജന്യമായി തന്നെ അദ്ദേഹം നല്‍കുകയും ചെയ്തു.
പരിചയക്കാരോടു വിവരം പറഞ്ഞതോടെ ആവശ്യക്കാരായ ഒട്ടേറെപ്പേര്‍ ജോയിയുടെ അമ്മച്ചിവീട്ടിലെ തയ്യല്‍ക്കടയിലേക്ക് എത്തിത്തുടങ്ങി. ഇതിനോടകം ഒട്ടേറെ മാസ്‌കുകള്‍ ജോയ് തന്റെ കടയിലെത്തിയവര്‍ക്കു സൗജന്യമായി നല്‍കി. ഇപ്പോഴും ആ കടയില്‍ മാസ്‌ക് നിര്‍മ്മാണം നടക്കുകയാണ് ജോയ് പറഞ്ഞു.
3 ജീവനക്കാര്‍ 2 ദിവസമായി മാസ്‌ക് നിര്‍മ്മാണം മാത്രമാണു ചെയ്യുന്നത്. കോട്ടണ്‍ തുണികള്‍ വാങ്ങിയാണ് 3 ലെയറുകളായുള്ള തുണി മാസ്‌ക് അദ്ദേഹം നിര്‍മ്മിക്കുന്നത്. ഒരു മീറ്റര്‍ തുണി ഉപയോഗിച്ച് 20 മുതല്‍ 25 വരെ മാസ്‌ക് നിര്‍മ്മിക്കാമെന്ന് ജോയ് പറയുന്നു.