തിരുവനന്തപുരം: കോവിഡ് 19 കേരളത്തിൽ ഭയം വിതയ്ക്കുന്നതിനിടെ അശാസ്ത്രീയമായ വാദങ്ങളുമായി രംഗത്തെത്തിയ തന്നെ തിരുത്തിയ ഡോ. ഷിംന അസീസിനെതിരെ പരസ്യമായി വർഗ്ഗീയ പരാമർശംനടത്തി മുൻഡിജിപി ടിപി സെൻകുമാർ. ഷിംന അസീസ് ആർക്കുവേണ്ടിയാണ് സംസാരിക്കുന്നതെന്ന് അറിയാം. വാക്സിൻ വിരുദ്ധ പ്രചരണക്കാലത്ത് ഈ ഷിംനയൊക്കെ എവിടെയായിരുന്നു. അതിനെതിരെ എന്തെങ്കിലും പറഞ്ഞോ എന്നുമാണ് ടിപി സെൻകുമാർ ചോദിച്ചത്.
വാർത്താ സമ്മേളനത്തിനിടെയായിരുന്നു ടിപി സെൻകുമാറിന്റെ പരാമർശം. ഇതിനെ ചോദ്യം ചെയ്ത് മാധ്യമപ്രവർത്തക രംഗത്തെത്തിയതോടെ സെൻകുമാറിന്റെ അനുനായികൾ ഇടപെട്ട് രംഗം വഷളാക്കുകയും ചെയ്തു. വാക്സിൻ വിരുദ്ധ പ്രചാരണകാലത്ത് അതിനെതിരെ ഏറ്റവുമധികം പ്രതികരിച്ചയാളാണ് ഷിംന അസീസ് എന്നാണ് മാധ്യമപ്രവർത്തക സെൻകുമാറിനോട് പറഞ്ഞത്. വാർത്താ സമ്മേളനത്തിനിടയിൽ ടിപി സെൻകുമാർ വർഗീയതയാണ് പറയുന്നതെന്നും അതൊരു മുസ്ലിം ആയതു കൊണ്ടാണെന്നും മാധ്യമ പ്രവർത്തക പിന്നീട് പ്രതികരിച്ചു.
ഇതിനിടെ, സെൻകുമാറിന്റെ പ്രചരണങ്ങളെ തള്ളി ഡോ. ജിനേഷ് പിഎസും രംഗത്തെത്തിയിരുന്നു. വാക്സിനേഷൻ എടുത്താൽ കുട്ടികളുണ്ടാവില്ലെന്നും ഓട്ടിസം വരുമെന്നും പറഞ്ഞിരുന്ന കാലത്ത് അതിനെതിരെ പ്രതികരിച്ചയാളാണ് ഷിംന അസീസെന്ന് ജിനേഷ് ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
‘എംആർ വാക്സിനേഷൻ കാലം. ഈ നുണപ്രചരണങ്ങൾ വിശ്വസിച്ച് മാതാപിതാക്കൾ കുട്ടികൾക്ക് വാക്സിൻ നൽകാൻ മടിച്ച കാലം. വാക്സിൻ സുരക്ഷിതമെങ്കിൽ സ്വയം സ്വീകരിക്കാൻ വെല്ലുവിളിച്ച ഒരു പിതാവിന് മറുപടിയായി സ്വന്തം ശരീരത്തിൽ പൊതുസ്ഥലത്ത് വെച്ച് വാക്സിൻ എടുത്ത് കാണിച്ച വ്യക്തിയാണ് ഷിംന. കേരളത്തിലാകെ വാക്സിനേഷൻ പദ്ധതികൾക്ക് വലിയ ഊർജ്ജമായി മാറിയ ഒരു പ്രവൃത്തി,’ ജിനേഷ് പ്രതികരിച്ചു. വാക്സിനേഷൻ വിരുദ്ധ പ്രവർത്തനത്തിനെതിരെ മറ്റു ധാരാളം ഡോക്ടർമാർ പ്രതികരിച്ചുണ്ടെങ്കിലും സെൻകുമാർ ഷിംന അസീസിന്റെ പേരുമാത്രം പരാമർശിക്കുകയായിരുന്നുവെന്നും ജിനേഷ് പിഎസ് പറയുന്നു.
വാക്സിനേഷൻ വിരുദ്ധ പ്രചാരണക്കാലത്ത് അതിനെതിരെ പ്രതികരിച്ചുവെന്ന് വ്യക്തമാക്കി ഷിംനയും രംഗത്തെത്തിയിട്ടുണ്ട്. വ്യക്തമാക്കി. വാക്സിനേഷൻ വിരുദ്ധ പ്രവർത്തനത്തിനെതിരെ പ്രതികരിച്ച 30ലധികം വരുന്ന പോസ്റ്റുകളുടെ ലിങ്കുകളും ഷിംന പങ്കുവെയ്ക്കുകയും ചെയ്തു.