തൃശ്ശൂർ: കൊറോണ ജാഗ്രതയിൽ കഴിയുന്ന സംസ്ഥാനത്തിന്റെ പലഭാഗത്തും ഇതിന്റെ പേരിൽ മനുഷ്യത്വ വിരുദ്ധമായ പ്രവർത്തികൾ നടക്കുന്നുണ്ടോ? 9 മണിക്കൂർ നേരം ദീർഘമായി രോഗിയുമായി വന്ന ആംബുലൻസ് ഡ്രൈവർ വിശപ്പ് സഹിക്കവയ്യാതെ കൊടുങ്ങല്ലൂരിലെ ഒരു ബേക്കറി കടയിൽ കയറി സർബത്തും റൊട്ടിയും ചോദിച്ചപ്പോൾ കടക്കാരൻ കടയിൽ കയറ്റിയില്ലെന്ന് പരാതി. തന്നെ പുറത്തു നിർത്തുകയാണ് കടക്കാരൻ ചെയ്തതെന്ന് ഡ്രൈവർ പറയുന്നു.
മണിപ്പാലിൽ നിന്നും ഒരു രോഗിയുമായി കൊടുങ്ങല്ലൂരിലെക്ക് വന്നതായിരുന്നു ഇയാൾ. രോഗിയെ കൊടുങ്ങല്ലൂരിലെ മെഡികെയർ ആശുപത്രിയിലാക്കിയതിന് ശേഷമാണ് സ്വന്തം നാടായ വലപ്പാടിലേക്ക് തിരിച്ചു പോകുന്നത്. 9 മണിക്കൂർ നീണ്ട യാത്രയും ക്ഷീണവും വിശപ്പും സഹിക്കവയ്യാതായപ്പോൾ ഒരു ബേക്കറി കടയിൽ കയറി സർബത്ത് ചോദിച്ചതോടെയാണ് ആംബുലൻസ് ഡ്രൈവർ പുറത്തു നിൽക്കണമെന്ന് കടയുടമ ആവശ്യപ്പെട്ടത്. കൊറോണ പേടിച്ചിട്ടാണത്രേ ഇത്. താൻ കോറോണ രോഗിയെ കണ്ടിട്ടുപോലുമില്ലെന്ന് അറിയിച്ചിട്ടും കടയുടമ വഴങ്ങിയില്ല. വിശപ്പ് അത്രയ്ക്ക് ശക്തമായതിനാൽ പുറത്തുനിന്നുതന്നെ ഭക്ഷണം കഴിക്കേണ്ടിവന്നുവെന്ന് യുവാവ് പറയുന്നു.
ഇതു സംബന്ധമായി യുവാവ് സോഷ്യൽ മീഡിയയിൽ കുറിപ്പ് എഴുതിയതോടെയാണ് വിഷയം പുറംലോകമറിഞ്ഞത്.
കുറിപ്പിന്റെ പൂർണ്ണരൂപം:
‘ബാഗ്ലൂർ നിന്നും ഒരു പേഷ്യന്റിനെയും കൊണ്ട് കൊടുങ്ങല്ലൂർ ഓടി എത്തിയപ്പോഴേക്കും വിശന്നു കയ്യും കാലും തളർന്നു പോയിരുന്നു വിശപ്പ് സഹിക്കാൻ പറ്റാതായപ്പോ ആദ്യം കണ്ട കടയിൽ കയറി ഒരു സർബത്തും ഒരു റൊട്ടിയും ചോദിച്ചപ്പോ ആംബുലൻസ് ഡ്രൈവർ അല്ലേ പുറത്ത് നിന്നാൽ മതി എന്നാണ് പറഞ്ഞത്. നിങ്ങൾ ഞങ്ങളെ ഒഴിവാക്കി മാറ്റി നിർത്തുമ്പോൾ പെട്ടെന്നുണ്ടാവുന്ന ഒരാപകടത്തിലോ ആരും സഹായിക്കാൻ ഇല്ലാത്ത ഘട്ടങ്ങളിലോ ആദ്യം ഓടിയെത്തുന്നതും സഹായിക്കുന്നതും ഞങ്ങളാണ് മറക്കരുത്’
റിപ്പോർട്ട്: ഫഖ്‌റുദ്ധീൻ