ന്യൂഡൽഹി: ഇറാനിൽ കുടുങ്ങി കിടക്കുന്നവരെ ഇന്ത്യയിലെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. ഇറ്റലിയിലുള്ളവരെ ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തും. ഇറാനിൽനിന്ന് പ്രതിരോധ വകുപ്പിന്റെ വിമാനത്തിൽ ഇറാനിൽനിന്നുള്ള ആദ്യ സംഘത്തെ കൊണ്ടുവന്നിരുന്നു. ഇറാനിൽ ബാക്കിയുള്ള ഇന്ത്യക്കാരുടെ സാമ്പിളുകളും കൊണ്ടുവന്നിട്ടുണ്ട്. ഈ സാമ്പിളുകൾ പരിശോധിച്ചതിനു ശേഷം തുടർ നടപടികളുണ്ടാകും. ഇതു സംബന്ധിച്ച് സർക്കാർ തീരുമാനം വിദേശകാര്യ മന്ത്രി വ്യക്തമാക്കുമെന്നും മുരളീധരൻ പറഞ്ഞു.
കേന്ദ്രവും സംസ്ഥാനവും തമ്മിൽ ഏറ്റുമുട്ടൽ നടക്കുന്നു എന്നതരത്തിൽ കേരളത്തിൽനിന്ന് സന്ദേശമുണ്ടാകുന്നത് രാഷ്ട്രീയ ലാഭത്തിനു വേണ്ടിയുള്ള നീക്കമായേ കാണാൻ കഴിയൂ. വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരള സർക്കാർ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിക്കുകയാണെന്നും മുരളീധരൻ ആരോപിച്ചു. ഇറ്റലിയിലുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കാൻ ഡോക്ടർമാരുടെ സംഘത്തെ അയക്കുന്ന കാര്യത്തിൽ മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുക്കും.
രോഗമുള്ളവരും ഇല്ലാത്തവരും ഒരുമിച്ച് യാത്രചെയ്താൽ രോഗമില്ലാത്തവർക്കു കൂടി പകരും. രോഗം ഇല്ലാത്തവരെ കൊണ്ടുവരികയും ഉള്ളവരെ അവിടെ തന്നെ ചികിത്സിക്കുകയും ചെയ്യുക എന്നതാണ് ഉദ്ദേശിക്കുന്നത്. ഇന്ത്യയിൽനിന്ന് മെഡിക്കൽ സംഘം ഇറ്റയിലേയ്ക്ക് പോകും. തുടർന്ന് പരിശോധനകൾക്കു ശേഷം രോഗമില്ലാത്തവരെ തിരികെയെത്തിക്കാനാണ് ആലോചിക്കുന്നത്. കൊറോണ വൈറസിനെ പ്രതിരോധിക്കാൻ കേന്ദ്രസർക്കാർ തീവ്രമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.