പത്തനംതിട്ട: ജില്ലയിൽ കൊറോണ ബാധിതരുമായി അടുത്തിടപഴകിയവരുടെ സാമ്പിൾ പരിശോധിച്ചതിൽ അഞ്ച് പേർക്ക് കൊറോണ വൈറസ് ബാധയില്ലെന്ന് കണ്ടെത്തി. രോഗലക്ഷണങ്ങളോടെ 28 ആളുകളാണ് ആശുപത്രിയിൽ ഐസൊലേഷനിലുള്ളത്. ഇതിൽ 12 പേരുടെ സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതിൽ അഞ്ച് പേർക്കാണ് കോവിഡ് 19 ഇല്ലെന്ന് തെളിഞ്ഞത്.
നിലവിൽ 900 ആളുകളാണ് പത്തനംതിട്ടയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളത്. ഇറ്റലിയിൽ നിന്നെത്തിയ കുടംബവും അവരിൽ നിന്ന് രോഗം പകർന്നവരുമായ ഏഴ് പേരുമായി നേരിട്ടും അല്ലാതെയും സമ്പർക്കം പുലർത്തിയെന്ന് കരുതുന്നവരാണിവർ.
നേരത്തെ രോഗം സ്ഥിരീകരിച്ച ആറ് പേരും ചൊവ്വാഴ്ച രോഗം സ്ഥിരീകരിച്ച രണ്ട് പേരും ഉൾപ്പെടെയുള്ളവർ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ഡിഎംഒയും ജില്ലാ കളക്ടറും അറിയിച്ചു. അതേസമയം, വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്ന പലരും മാർഗ നിർദേശങ്ങൾ പാലിക്കാതെ പുറത്തിറങ്ങി നടക്കുന്നതായി അറിഞ്ഞിട്ടുണ്ടെന്നും ഇവർക്കെതിരെ നടപടി സ്വീകരിക്കുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.
Discussion about this post