തൃശ്ശൂർ: ആരോഗ്യപ്രവർത്തകരെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ തൃശ്ശൂരിലെ ഡോക്ടർ ഷിനു ശ്യാമളനെതിരെ പോലീസ് കേസെടുത്തു. തൃശ്ശൂർ ഡിഎംഒയുടെ പരാതിയിലാണ് വാടാനപ്പള്ളി പോലീസ് കേസെടുത്തത്. അപകീർത്തികരമായ വാർത്ത പ്രചരിപ്പിച്ചെന്ന പരാതിയിലാണ് നടപടി. ഷിനു സമൂഹത്തിൽ അനാവശ്യമായ പരിഭ്രാന്തി സൃഷ്ടിച്ചുവെന്നും കുറ്റമുണ്ട്.
സ്വകാര്യ ക്ലിനിക്കിൽ വന്ന രോഗിയെ സംശയാസ്പദമായ രീതിയിൽ കണ്ടപ്പോൾ ആരോഗ്യവകുപ്പിനെയും പിറ്റേന്ന് പോലീസിനെയും റിപ്പോർട്ട് ചെയ്യുകയും ഫേസ്ബുക്കിലൂടെ ഇക്കാര്യം അറിയിക്കുകയും ചെയ്ത തന്നെ ജോലിയിൽ നിന്നും ക്ലിനിക്ക് ഉടമ പിരിച്ചുവിട്ടെന്ന് ആരോപിച്ച് ഡോ. ഷിനു ചൊവ്വാഴ്ച രംഗത്തെത്തിയിരുന്നു.
കടുത്ത പനിയുമായി ഖത്തറിൽ നിന്നും നാട്ടിൽ വന്ന് തന്റെ പക്കൽ ചികിത്സ തേടിയെത്തിയ ആളെ കുറിച്ചുള്ള സംശയങ്ങളാണ് ഫേസ്ബുക്കിലൂടെ ഷിനു പങ്കുവെച്ചിരുന്നത്. ചികിത്സയ്ക്കെത്തിയ ആളുടെ അവസ്ഥ വിവരിച്ചുകൊണ്ട് ഓരോരുത്തരും പാലിക്കേണ്ട ജാഗ്രതയെ കുറിച്ചും ഡോക്ടർ പോസ്റ്റിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഷിനുവിനെ ആശുപത്രിയിൽ നിന്ന് പിരിച്ചുവിട്ടത്. ജനുവരി അവസാനം നാട്ടിൽ വന്ന ഒരു രോഗി തന്നെ സന്ദർശിക്കുകയും ഡൽഹി- ആഗ്ര എന്നിവിടങ്ങൾ സന്ദർശിച്ചിരുന്നെന്ന് വെളിപ്പെടുത്തുകയും ചെയ്തുരുന്നെന്നും കടുത്ത പനിയുള്ള ഇയാൾ കഴിഞ്ഞ ദിവസം ഖത്തറിലേക്ക് തിരിച്ചുപോയെന്നും ഷിനു പറഞ്ഞിരുന്നു.
ഖത്തറിൽ പോകാൻ പറ്റില്ലെന്നും ആരോഗ്യവകുപ്പിൽ അറിയിക്കണമെന്നും രോഗിയോട് പറഞ്ഞിരുന്നെന്നും എന്നാൽ അയാൾ അത് ചെവിക്കൊണ്ടില്ലെന്നും നാളെ തന്നെ പോകണമെന്ന് പറഞ്ഞ് ഒപിയിൽ നിന്ന് ഇറങ്ങിപ്പോകുകയായിരുന്നുവെന്നും ഷിനു ശ്യാമളൻ മാധ്യമങ്ങളോട് ഇന്നലെ പറഞ്ഞിരുന്നു.
അയാളുടെ പേരും വീട്ടുപേരും കിട്ടിയെന്നും പിന്നീട് ആരോഗ്യവകുപ്പിൽ വിളിച്ച് വിവരം പറഞ്ഞെങ്കിലും നടപടി ഉണ്ടായില്ലെന്നും ഡോക്ടർ ആരോപിച്ചിരുന്നു. ഡെപ്യൂട്ടി ഡിഎംഒയെ വിളിച്ച് ചോദിച്ചപ്പോൾ അവർ ഫോൺ നമ്പറും സിസിടിവിയും തന്നില്ലല്ലോ എന്നാണ് ചോദിച്ചതെന്നും ഷിനു കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, ഷിനുവിന്റെ ആരോപണങ്ങൾക്ക് പിന്നാലെ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് തൃശ്ശൂർ ഡിഎംഒ ഓഫീസ് വ്യക്തമാക്കിയിരുന്നു. ആരോഗ്യപ്രവർത്തകരെ ഡോ. ഷിനു മോശമായി ചിത്രീകരിച്ചെന്നും ഇത് പബ്ലിസിറ്റിക്ക് വേണ്ടി ചെയ്യുന്നതാണെന്നുമാണ് ഡിഎംഒ ഓഫീസ് വൃത്തങ്ങൾ പറഞ്ഞത്.
Discussion about this post