കോട്ടയം: കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ നില ഗുരുതരമെന്ന് അധികൃതര്‍. 85കാരിയുടെ നില ഗുരുതരമായി തുടരുന്നതെന്ന് ഡോക്ടര്‍ പറയുന്നു. ഇറ്റലിയില്‍ നിന്ന് എത്തിയവരുടെ മാതാപിതാക്കളും അവരുടെ മകളും മരുമകനുമാണ് കോട്ടയത്ത് ചികിത്സയിലുള്ളത്. ഇതില്‍ മാതാവിന്റെ നിലയാണ് ഗുരുതരമായി തുടരുന്നതെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇപ്പോള്‍ ആവശ്യമുള്ള എല്ലാ വൈദ്യസഹായങ്ങള്‍ അവര്‍ക്ക് നല്‍കുകയാണെന്ന് ഡോക്ടര്‍മാര്‍ കൂട്ടിച്ചേര്‍ത്തു. നാല് പേരാണ് കൊവിഡ് 19 വൈറസ് ബാധിച്ച് കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കഴിയുന്നത്. ഇവരെ നാല് പേരെ കൂടാതെ 10 പേര് കൂടി കോട്ടയത്ത് ഐസോലേഷന് വാര്‍ഡില്‍ കഴിയുന്നുണ്ട്.
ഇവരുടെ പരിശോധന ഫലം ഉടന്‍ ലഭിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന വിവരം. അതേസമയം, സംസ്ഥാനത്ത് ഇന്നലെ മാത്രം എട്ട് പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതോടെ അതീവജാഗ്രതിയിലാണ് കേരളം. രോഗം സ്ഥിരീകരിച്ച പത്തനംതിട്ട സ്വദേശികളുടെ അച്ഛനമ്മമാര്‍ക്ക് പ്രായത്തിന്റേതായ അവശത കൂടിയുളളതിനാല്‍ ഇവരുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രതയിലാണെന്ന് മന്ത്രി അറിയിച്ചിരുന്നു.
Discussion about this post