കൊച്ചി: കൊറോണ (കോവിഡ്-19) വൈറസ് ബാധയേറ്റെന്ന സംശയത്തെ തുടർന്ന് പത്തനംതിട്ട ജനറൽ ആശുപത്രിയിലുള്ള രണ്ടുവയസുകാരി ഉൾപ്പടെയുള്ള 24 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും. ഇതോടൊപ്പം, രോഗബാധയുണ്ടെന്ന് കണ്ടെത്തിയവരുമായി ഇടപഴകിയതിനെ തുടർന്ന് നിരീക്ഷണത്തിലായിരുന്ന 301 പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായ ഏതാനും പേരെ ഇന്ന് ആശുപത്രിയിലേക്ക് മാറ്റും.
പത്തനംതിട്ടയിൽ കൂടുതൽ ആളുകളിലേക്ക് രോഗം പകരാൻ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. മനുഷ്യരിൽ നിന്നും മനുഷ്യരിലേക്ക് പകരുന്ന ഈ ഘട്ടം തടയാനും നിയന്ത്രിക്കാനും ഏറെ ബുദ്ധിമുട്ടാണ്. കൂടുതൽ പേരെ നിരീക്ഷണത്തിലാക്കുന്നതിന്റെ ഭാഗമായി 100 കിടക്കകളുള്ള ഐസൊലേഷൻ വാർഡ് സജ്ജമാക്കുന്നതിനുള്ള സ്ഥലം ജില്ലാ ഭരണകൂടം തിരഞ്ഞുകൊണ്ടിരിക്കുകയാണ്.
അതേസമയം, കൊറോണ ഭീതിയെ തുടർന്ന് പത്തനംതിട്ടയിൽ വലിയ ഭീതയിലാണ് ജനങ്ങൾ. കടകൾ അടഞ്ഞുകിടക്കുകയും ബസ് സർവീസുകൾ പലതും നിർത്തി വെച്ച അവസ്ഥയിലുമാണ്. യാത്രചെയ്യാൻ ആളില്ലാത്ത സാഹചര്യത്തിലാണ് പല സർവീസുകളും നിർത്തിയിരിക്കുന്നത്. 24 പേരുടെ പരിശോധനാ ഫലം വരാനായി കാത്തിരിക്കുകയാണ് ജില്ലാ ഭരണകൂടം.
അതേസമയം മൂന്ന് പേർക്ക് കോവിഡ് -19 വൈറസ് ബാധ സ്ഥിരീകരിച്ച എറണാകുളത്ത് പ്രതിരോധ നടപടികൾ ശക്തമാക്കി. കളമശ്ശേരി മെഡിക്കൽ കോളേജിൽ 23 പേരാണ് ഐസൊലേഷൻ വാർഡിലുള്ളത്. അതിനിടെ ഖത്തർ എയർവേസ് വിമാനത്തിൽ 40 മലയാളികൾ ഇറ്റലിയിൽ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തി. ഇവരുടെ രക്ത സാമ്പിളുകൾ വിശദ പരിശോധനയ്ക്ക് അയയ്ക്കും. പുലർച്ചെ 2.20നാണ് ഇവർ കൊച്ചിയിലെത്തിയത്. എറണാകുളത്തുനിന്നുള്ള 75 സാമ്പിളുകളുടെ പരിശോധനാ ഫലം ഇനിയും കിട്ടാനുണ്ട്. പ്രതിരോധ നടപടിയുടെ ഭാഗമായി ലക്ഷദ്വീപിലേക്കുള്ള വിനോദസഞ്ചാരം താത്കാലികമായി നിർത്തിവെച്ചു.
കോട്ടയത്ത് കോവിഡ്-19 സ്ഥിരീകരിച്ച നാലുപേരുടെയും ആരോഗ്യ നില തൃപ്തികരമാണ്. ഇവിടെ നിരീക്ഷണത്തിൽ ഉള്ളത് 10 പേരാണ്. ഇറ്റലിയിൽ നിന്നെത്തിയവരുമായി സമ്പർക്കം പുലർത്തിയ 23 പേരെ വീട്ടുനിരീക്ഷണത്തിലും ആക്കിയിരിക്കുകയാണ്. ഇറ്റലിയിൽ നിന്നെത്തിയവർ സഞ്ചരിച്ച വിമാനത്തിൽ ഉണ്ടായിരുന്ന 22 കോട്ടയം സ്വദേശികളും വീടുകളിൽ നിരീക്ഷണത്തിലാണ്. ആകെ 167 പേരാണ് കോട്ടയത്ത് നിരീക്ഷണത്തിൽ ഉള്ളത്.
അതേസമയം, കൊല്ലത്തേക്ക് ഇറ്റലിയിൽ നിന്നെത്തിയ പെൺകുട്ടി നിരീക്ഷണത്തിലാണ്. ഈ പെൺകുട്ടി തീവണ്ടിയിലടക്കം സഞ്ചരിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസം കേരളത്തിലെത്തിയ പെൺകുട്ടി ട്രെയിൻ മാർഗമാണ് വീട്ടിലേക്ക് പോയത്. ഇവരിൽ നിന്ന് സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചിട്ടുണ്ട്. ഈ പരിശോധനാ ഫലം കാത്തിരിക്കുകയാണ് ആരോഗ്യവകുപ്പ്. പെൺകുട്ടി സഞ്ചരിച്ച കമ്പാർട്ട്‌മെന്റിലെ യാത്രക്കാരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും.