കൊച്ചി: ഇറ്റലിയില്‍ നിന്ന് 42 മലയാളികള്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. ഇവരെ നിരീക്ഷണത്തിനായി ആലുവ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇറ്റലിയില്‍നിന്ന് നാട്ടില്‍ എത്തുന്നവരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവ് ആകുന്നതുവരെ ഐസൊലേഷന്‍ വാര്‍ഡില്‍ വയ്ക്കണമെന്ന കര്‍ശന നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് എല്ലാവരെയും ആശുപത്രിയിലേക്ക് മാറ്റിയത്.
സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ഇറ്റലിയില്‍ നിന്ന് വന്ന കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചവര്‍ പോയ പുനലൂരിലെ ബന്ധുവീട്ടില്‍ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്കും അവരുടെ അയല്‍വാസികളായ രണ്ട് പേര്‍ക്കും വൈറസ് ബാധ ഇല്ലെന്നു കണ്ടെത്തി. ഇവരെ ആശുപത്രി നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുമെങ്കിലും 28 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ വയ്ക്കുമെന്നാണ് അധികൃതര്‍ വ്യക്തമാക്കിയത്.
അതേ സമയം എറണാകുളത്ത് ചികിത്സയില്‍ കഴിയുന്ന മൂന്ന് വയസുള്ള കുട്ടിയുടെ മാതാപിതാക്കള്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചതോടെ ജില്ലയില്‍ നിരീക്ഷണം ശക്തമാക്കി. ഇവര്‍ സഞ്ചരിച്ച എമിറേറ്റ്‌സ് 530 വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും വീടുകളില്‍ ആരോഗ്യ വകുപ്പിന്റെ നേരിട്ടുള്ള നിരീക്ഷണത്തിലാണ് ഇപ്പോള്‍. 281 പേരാണ് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 99 പേര്‍ വൈറസ് ബാധ സ്ഥിരീകരിച്ച കുട്ടി സഞ്ചരിച്ച വിമാനത്തിലെ യാത്രക്കാരാണ്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നെടുമ്പാശേരി വിമാനത്താവളത്തില്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. ആഭ്യന്തര യാത്രക്കാരേയും ഇനി മുതല്‍ കൊവിഡ് സ്‌ക്രീനിംഗിന് വിധേയരാക്കാനാണ് തീരുമാനം