ആലപ്പുഴ: ചേർത്തലയ്ക്കടുത്ത് പൂച്ചായ്ക്കലിൽ അമിതവേഗത്തിൽ പാഞ്ഞെത്തിയ കാർ വിദ്യാർത്ഥിനികൾ ഉൾപ്പടെ എട്ടുപേരെ ഇടിച്ച് തെറിപ്പിച്ച് പരിക്കേൽപ്പിച്ചു. റോഡിലൂടെ നടന്നുപോവുകയായിരുന്ന വിദ്യാർത്ഥിനികളേയും സൈക്കിളിൽ പോവുകയായിരുന്ന വിദ്യാർത്ഥിനിയേയും ബൈക്ക് യാത്രക്കാരെയുമാണ് കാർ ഇടിച്ചുതെറിപ്പിച്ചത്. അപകടത്തിൽ നാല് വിദ്യാർത്ഥിനികൾക്ക് അടക്കം എട്ടുപേർക്കാണ് പരിക്കേറ്റത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം.
അമിതവേഗത്തിലെത്തിയ കാർ നിയന്ത്രണംവിട്ട് റോഡരികിലൂടെ നടക്കുകയായിരുന്ന മൂന്ന് വിദ്യാർത്ഥിനികളെയാണ് ഇടിച്ചുതെറിപ്പിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ കുട്ടികൾ തോട്ടിലേക്ക് തെറിച്ചുവീണു. തൊട്ടുപിന്നാലെ സൈക്കിളിൽ പോവുകയായിരുന്ന ഒരു വിദ്യാർത്ഥനിയേയും കാർ ഇടിച്ചുതെറിപ്പിച്ചു. ശേഷം സമീപത്തെ വൈദ്യുതി പോസ്റ്റിലിടിച്ചാണ് കാർ നിന്നത്. ശ്രീകണ്ഠേശ്വരം സ്‌കൂളിലെ അനഘ, അർച്ചന, ചന്ദന, രാഖി എന്നിവരാണ് പരിക്കേറ്റ വിദ്യാർത്ഥിനികൾ. ഈ അപകടങ്ങളുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
വിദ്യാർത്ഥിനികളെ ഇടിച്ചുതെറിപ്പിക്കുന്നതിന് മുമ്പാണ് കാർ ഒരു ബൈക്കിനെയും ഇടിച്ചിട്ടത്. ഈ അപകടത്തിന്റെ ദൃശ്യങ്ങൾ ലഭ്യമായിട്ടില്ല. ബൈക്ക് യാത്രികരായ രണ്ടുപേർക്കാണ് കാറിടിച്ച് പരിക്കേറ്റിരിക്കുന്നത്. അമിതവേഗത്തിലെത്തിയ കാറിലെ യാത്രക്കാർ മദ്യപിച്ചിരുന്നതായാണ് സംശയം. ഇതിൽ ഒരു ഇതരസംസ്ഥാനക്കാരനുണ്ടെന്നും സൂചനയുണ്ട്. അപകടത്തിൽ ഇവർക്കും പരിക്കേറ്റിട്ടുണ്ട്.
Discussion about this post