തിരുവനന്തപുരം: സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഭക്തര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. അതേസമയം ശബരിമലയില്‍ പൂജകളും ആചാരങ്ങളും എല്ലാം മുടക്കമില്ലാതെ നടക്കും.
തമിഴ്നാട്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നീ അയല്‍ സംസ്ഥാനങ്ങളിലെ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. ശബരിമലയില്‍ അപ്പം അരവണ കൗണ്ടറുകള്‍ അടച്ചിടുമെന്നും എന്നാല്‍ ഭക്തരെത്തിയാല്‍ തടയില്ലെന്നും ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് ക്ഷേത്രങ്ങളില്‍ ആള്‍ക്കൂട്ടമെത്തുന്ന പരിപാടികളും കലാപരിപാടികളും റദ്ദാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം സംസ്ഥാനത്ത് പന്ത്രണ്ട് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു. കേരളത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഈ മാസം മുഴുവന്‍ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ചു. അവധി ക്ലാസുകളോ ട്യൂഷന് ക്ലാസുകളോ പാടില്ല എന്നും സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post