തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് 19 വ്യാപിക്കുന്നത് തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്തെ സിനിമാ തീയറ്ററുകള്‍ നാളെ മുതല്‍ അടച്ചിടും. ചലച്ചിത്ര സംഘടനകളുടെ യോഗമാണ് ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ നിര്‍ദേശം കണക്കിലെടുത്താണ് തീരുമാനം.
സംസ്ഥാനത്ത് കൂടുതല്‍ പേരില്‍ കൊറോണ വൈറസ് സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ സിനിമാ തീയറ്ററുകളും നാടകം പോലുള്ള കലാപരിപാടികളും ഈ മാസം 31 വരെ ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചിരുന്നു. ഉത്സവങ്ങള്‍ പെരുന്നാളുള്‍ എന്നിവ ചടങ്ങുകളായി നടത്തി, ആളുകള്‍ ഒത്തുകൂടുന്നത് ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചിരുന്നു.
സ്‌കൂളുകളും അടച്ചു. ഏഴാം ക്ലാസ്സ് വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചു. പിഎസ്സിയും മാര്‍ച്ച് 20 വരെയുള്ള പരീക്ഷകള്‍ മാറ്റിവച്ചിരുന്നു. വിവാഹം മാറ്റിവയ്‌ക്കേണ്ടതില്ലെങ്കിലും വിവാഹ ചടങ്ങുകള്‍ ലളിതമായി നടത്തണം. ഇക്കാര്യങ്ങളില്‍ എല്ലാവരുടെയും സഹകരണം അഭ്യര്‍ഥിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇന്ന് ആറ് പേരിലാണ് പുതുതായി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ നിന്നുവന്ന റാന്നിക്കാരുടെ മകള്‍ക്കും മരുമകനും മാതാപിതാക്കള്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. നാലുപേരും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കൂടാതെ കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലുള്ള രണ്ട് പേരിലും രോഗം സ്ഥിരീകരിച്ചു. ഇവരും ഇറ്റലിയില്‍ നിന്ന് വന്നവരുടെ കുടുംബ സുഹൃത്തുക്കളാണ്.