തിരുവനന്തപുരം; സംസ്ഥാനത്ത് ആറ് പേര്‍ക്ക് കൂടി കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് വൈറസ് ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 12 ആയി. സംസ്ഥാനത്ത് 6 പേര്‍ക്ക് കൂടി കൊവിഡ് 19 രോഗം സ്ഥിരീകരിച്ച സാഹചര്യത്തില്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചു.
സംസ്ഥാനത്തെ സ്ഥിതിഗതികള്‍ സ്പെഷ്യല്‍ മന്ത്രിസഭായോഗം വിലയിരുത്തി. പൊതുപരിപാടികളെല്ലാം മാറ്റിവച്ചു. എല്ലാ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ഈമാസം മുഴുവന്‍ അവധി പ്രഖ്യാപിച്ചു. ഏഴാം ക്ലാസുവരെയുള്ള പരീക്ഷകള്‍ ഉപേക്ഷിച്ചു. ഒമ്പത് ക്ലാസുകളിലെ പരീക്ഷയും എസ്എസ്എല്‍സി പ്ലസ്ടു പരീക്ഷകളും മാറ്റി വെയ്ക്കില്ല. അവധി ക്ലാസുകളോ ട്യൂഷന് ക്ലാസുകളോ പാടില്ല.
മദ്രസകള്‍ ഉള്‍പ്പടെയുള്ള പഠനകേന്ദ്രങ്ങളും മാര്‍ച്ച് മാസത്തില്‍ പൂര്‍ണ്ണമായി അടച്ചിടും. സിബിഎസ്സി, ഐസിഎസ്സി സംസ്ഥാന-കേന്ദ്ര ബോര്‍ഡ് സ്കൂളുകള്‍ക്കെല്ലാം നിര്‍ദേശം ബാധകമാണ്. സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകള്‍ ഉള്‍പ്പടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാല്‍ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ആളുകള്‍ ഒത്തു കൂടുന്ന ഇത്തരം ചടങ്ങുകളില്‍ നിന്ന് പരമാവധി ഒഴിഞ്ഞ് നില്‍ക്കണം എന്നും, ശബരിമല പോലെ ധാരാളം ആളുകള്‍ എത്തുന്ന സ്ഥലങ്ങളിലും പൂജകള്‍ മാത്രം മതിയെന്നും ദര്‍ശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിക്കുന്നു.
തീയറ്ററുകള്‍ അടച്ചിടും. വിവാഹങ്ങള്‍ മാറ്റിവെയ്ക്കേണ്ടതില്ല, എന്നാല്‍ വലിയ തോതില്‍ ആളുകളെ ഉള്‍ക്കൊള്ളിച്ച് ആഘോഷമാക്കരുതെന്നും ചടങ്ങായി നടത്തണമെന്നും അറിയിച്ചിട്ടുണ്ട്.
Discussion about this post