തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ കൊറോണ (കോവിഡ് 19) ബാധിതരെ കണ്ടെത്തിയതോടെ കർശ്ശനമായ നടപടികൾക്ക് ഒരുങ്ങി സർക്കാർ. ഇത്തരത്തിൽ കൊറോണ ബാധ സംശയിക്കുന്നവർ വിവരങ്ങൾ മറച്ചുവെയ്ക്കുന്നതും ഐസൊലേഷന് തയ്യാറാകാത്തതും നിയമപരമായി ക്രിമിനൽ കുറ്റമായി കണക്കാക്കുമെന്നും നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കൊറോണയുടെ പശ്ചാത്തലത്തിൽ ചേർന്ന മന്ത്രിസഭാ യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി.
സംസ്ഥാനത്തെ സ്കൂളുകളും മദ്രസകൾ ഉൾപ്പടെയുള്ള പഠനകേന്ദ്രങ്ങളും മാർച്ച് മാസത്തിൽ പൂർണ്ണമായി അടച്ചിടുമെന്നും പാഠ്യ-പാഠ്യേതര പ്രവർത്തികൾ ഒന്നും നടത്തരുതെന്നും മുഖ്യമന്ത്രി നിർദേശിക്കുന്നു. സിബിഎസ്സി, ഐസിഎസ്സി സംസ്ഥാന-കേന്ദ്ര ബോർഡ് സ്കൂളുകൾക്കെല്ലാം നിർദേശം ബാധകമാണ്.ഏഴാം ക്ലാസുവരെ അധ്യയനമോ പരീക്ഷയോ ഈ മാസം നടക്കില്ല. എന്നാൽ എട്ട്, ഒമ്പത് ക്ലാസുകളിലെ പരീക്ഷയും എസ്എസ്എൽസി പ്ലസ്ടു പരീക്ഷകളും മാറ്റി വെയ്ക്കില്ലെന്നും സ്കൂളുകളിൽ പരീക്ഷകൾ മാത്രം നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അവധി ക്ലാസുകളോ ട്യൂഷൻ ക്ലാസുകളോ പാടില്ല. സർക്കാർ പൊതുപരിപാടികളെല്ലാം റദ്ദാക്കിയിട്ടുണ്ട്.
രോഗലക്ഷണമുള്ളവർ മറ്റാളുകളുമായി ബന്ധപ്പെടുന്നതിൽ നിന്ന് ഒഴിഞ്ഞുനിൽക്കുക. അതിൽ എല്ലാവരുടെയും സഹകരണമുണ്ടാവും. അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കരുത്. നിരീക്ഷണത്തിലുള്ള കുടുംബങ്ങൾക്ക് ആവശ്യമായ ഭക്ഷണം എത്തിക്കാനുളള സംവിധാനം അടക്കം സജ്ജമാക്കാൻ കളക്ടർമാരുടെ നേതൃത്വത്തിൽ നടപടികളുണ്ടാവും. വ്യക്തി ശുചിത്വം പാലിക്കേണ്ടത് അത്യാവശ്യമായതിനാൽ കൈകൾ ശുചിയാക്കുന്ന സാനിറ്റൈസറുകളുടെ ഉത്പാദനം വർധിപ്പിക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്. വിമാനത്താവളത്തിലും മറ്റും കൂടുതൽ ശക്തമായ നിരീക്ഷണമുണ്ടാവും. കൂടുതൽ പരിശോധനാ സ്ഥലങ്ങളുണ്ടാവും. തിരുവനന്തപുരം – കോഴിക്കോട് മെഡിക്കൽ കോളജുകളല്ലാതെ എയർപോർട്ടുകൾ ഉള്ളിടങ്ങളിൽക്കൂടി ആരംഭിക്കും.
കൊറോണ പടരുന്നത് തടയാനായി ആൾക്കൂട്ടത്തെ പരമാവധി നിയന്ത്രിക്കണമെന്നും ആൾക്കൂട്ടങ്ങളെ ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. സംസ്ഥാനത്ത് ഉത്സവങ്ങളുടേയും പള്ളിപെരുന്നാളുകൾ ഉൾപ്പടെയുള്ള ആരാധനാലയങ്ങളിലെ ആഘോഷങ്ങളുടേയും സമയമായതിനാൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആളുകളെ പരമാവധി ഒഴിവാക്കി ഇത്തരം ആഘോഷങ്ങൾ ചടങ്ങുകൾ മാത്രമാക്കി നടത്തണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു. വിവാഹങ്ങളും മാറ്റിവെയ്ക്കേണ്ടതില്ല, എന്നാൽ വലിയ തോതിൽ ആളുകളെ ഉൾക്കൊള്ളിച്ച് ആഘോഷമാക്കരുതെന്നും ചടങ്ങായി നടത്തണമെന്നും അറിയിച്ചിട്ടുണ്ട്. ശബരിമല പോലെ ധാരാളം ആളുകൾ എത്തുന്ന സ്ഥലങ്ങളിലും പൂജകൾ മാത്രം മതിയെന്നും ദർശനം ഒഴിവാക്കണമെന്നും മുഖ്യമന്ത്രി നിർദേശിക്കുന്നു. ശരിയായ ഔദ്യോഗിക വിവരങ്ങൾ ലഭ്യമാക്കാൻ പിആർഡി ഔദ്യോഗിക സംവിധാനം ഏർപ്പെടുത്തും. ഓൺ ലൈൻ ഉപയോഗം കൂടുന്ന സാഹചര്യത്തിൽ ബാൻഡ് വിഡ്ത് കണക്റ്റിവിറ്റി പ്രശ്നങ്ങൾ ഒഴിവാക്കാൻ സംവിധാനം സ്വീകരിക്കും, മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
Discussion about this post