തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദവി കെ സുരേന്ദ്രന് ഏറ്റെടുത്തതിന് പിന്നാലെ സംസ്ഥാന ബിജെപിയില്‍ രൂക്ഷമായ തമ്മിലടിയില്‍ കേന്ദ്ര നേതൃത്വത്തിന്റെ ഇടപെടല്‍ വഴി സമവായം. ഇടഞ്ഞ് നില്ക്കുന്ന പികെ കൃഷ്ണദാസ് പക്ഷത്തെ അനുനയിപ്പിക്കാനായി പാര്‍ട്ടി ഘടനയില്‍ തന്നെ മാറ്റം വരുത്തിയാണ് കെ സുരേന്ദ്രന് വിട്ടുവീഴ്ചക്ക് തയ്യാറായത്.
വൈസ് പ്രസിഡണ്ടായ എഎന്‍ രാധാകൃഷ്ണനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയാണ് കേന്ദ്ര നേതൃത്വം സമവായത്തിന് ശ്രമിക്കുന്നത്. സാധാരണ ഗതിയില്‍ പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മാത്രമുള്ള പാര്‍ട്ടിയുടെ ഉന്നത ഫോറമാണ് കോര്‍ക്കമ്മിറ്റി. ഇതിലേക്കാണ് സമവായത്തിന്റെ ഭാഗമായി വൈസ് പ്രസിഡന്റിനെ കൂടി ഉള്‍പ്പെടുത്തുന്നത്.
ഇതോടെ ജനറല്‍ സെക്രട്ടറിയായി തുടരുന്ന എംടി രമേശും വൈസ് പ്രസിഡണ്ട് എഎന്‍ രാധാകൃഷ്ണനുമടക്കം കോര്‍ കമ്മിറ്റിയില്‍ കൃഷ്ണദാസ് പക്ഷക്കാരുടെ എണ്ണം രണ്ടായി. എഎന്‍ രാധാകൃഷ്ണന് കൂടുതല്‍ പരിഗണന കിട്ടിയതോടെ എംടി രമേശ് അയഞ്ഞുവെന്നാണ് സൂചന. ഗ്രൂപ്പ് അടിസ്ഥാനത്തില്‍ ഭാരവാഹികളെ തീരുമാനിച്ചുവെന്ന കൃഷ്ണദാസ് പക്ഷ പരാതിയെ തുടര്‍ന്നാണ് കേന്ദ്ര ഇടപെടല്‍.
അതെസമയം എഎന്‍ രാധാകൃഷ്ണനൊപ്പം ജനറല്‍ സെക്രട്ടറിസ്ഥാനത്തും നിന്നും വൈസ് പ്രസിഡണ്ടാക്കി മാറ്റിയ ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയില്ല. ഇടഞ്ഞ് നില്ക്കുന്ന ശോഭ സുരേന്ദ്രന് സ്ഥാനത്ത് തുടരുമോ എന്നതില്‍ ഇപ്പോഴും വ്യക്തതയില്ല.
മുരളീധര പക്ഷത്തിനു മാത്രമാണു ഭാരവാഹി നിര്‍ണയത്തില്‍ പരിഗണന കിട്ടിയതെന്നാണ് ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡയ്ക്കു നല്കിയ പരാതിയില്‍ കൃഷ്ണദാസ് പക്ഷം ചൂണ്ടിക്കാട്ടിയത്. സുപ്രധാന ജനറല്‍ സെക്രട്ടറി പദത്തിലേക്കു കൃഷ്ണദാസ് പക്ഷത്തു നിന്ന് എംടി രമേശിനെ മാത്രമാണു പരിഗണിച്ചത്. മറ്റു 3 ജനറല്‍ സെക്രട്ടറിമാരും വി മുരളീധരനെ പിന്തുണയ്ക്കുന്നവരാണ്. എന്നായിരുന്നു പരാതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്.
വൈസ് പ്രസിഡന്റുമാരായി നിയമിക്കപ്പെട്ട എഎന്‍ രാധാകൃഷ്ണനും, ശോഭ സുരേന്ദ്രനും പദവി ഏറ്റെടുക്കില്ലെന്ന് വ്യക്തമാക്കി നേരത്തെ രംഗത്ത് വന്നിരുന്നു. ഇത് സംസ്ഥാന ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്ര നേതൃത്വം ഇടപെട്ട് സമവായത്തിന് ഒരുങ്ങിയത്.
Discussion about this post