കൊച്ചി: മലയാളക്കരയ്ക്ക് അഭിമാനമായി ആദ്യമായി മിസ്റ്റർ വേൾഡ് പട്ടം ചിത്തരേശ് നടേശനെന്ന കൊച്ചിക്കാരനിലൂടെ ഇന്ത്യയിലേക്ക് എത്തിയെങ്കിലും ആ കിരീട നേട്ടത്തിന് കണ്ണീരുപ്പിന്റെ കയ്പ്പും ഉണ്ടായിരുന്നു. ഏറെ കഷ്ടപ്പെട്ടാണ് ചിത്തരേശ് ചരിത്രനേട്ടം സ്വന്തമാക്കിയത്. ചിട്ടയായ ഫിറ്റ്‌നസ് ജീവിതത്തിലൂടെ കിരീടം നേടിയെങ്കിലും നാട്ടിൽ അച്ഛനും അമ്മയ്ക്കും തലചായ്ക്കാനൊരു അടച്ചുറപ്പുള്ള കൂരയില്ലാത്തത് ചിത്തരേശിന്റെ തീരാവേദനയായിരുന്നു. ഈ സങ്കടം കേരളക്കര തന്നെ ഏറ്റെടുത്തപ്പോൾ ചിത്തരേശിന് പുത്തൻ വീട് ഒരുങ്ങുകയാണ് ജന്മനാടായ കൊച്ചിയിൽ.
ചിത്തരേശ് നടേശന് ഹൈബി ഈഡൻ എംപിയുടെ തണൽ ഭവനപദ്ധതിയിലൂടെയാണ് വീടൊരുങ്ങുന്നത്. ചലച്ചിത്രതാരം കുഞ്ചാക്കോ ബോബനാണ് വീട് സ്‌പോൺസർ ചെയ്യുന്നത്. വീടിന്റെ തറക്കല്ലിടൽ ചടങ്ങ് കൊച്ചിയിൽ നടന്നു.
ഡൽഹിയിൽ ഫിസിക്കൽ ട്രെയിനറായി ഉപജീവനം നടത്തുന്ന ചിത്തരേശ് നാട്ടിലെത്തുമ്പോൾ താമസിച്ചിരുന്നത് നാലു സെന്റിലെ ഇടിഞ്ഞ് വീഴാറായ വീട്ടിലായിരുന്നു. ചിത്തരേശിന്റെ കഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതോടെയാണ് കുഞ്ചാക്കോ ബോബൻ, ഹൈബി ഈഡൻ എംപി വഴി വീട് ഒരുക്കാൻ മുന്നോട്ട് വന്നത്. വീടിന്റെ താക്കോൽദാനത്തിന് കുഞ്ചാക്കോ ബോബനുമെത്തും. രണ്ടു മാസം കൊണ്ട് നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
അച്ഛനെയും അമ്മയെയും ഒരു നല്ല വീട്ടിൽ താമസിപ്പിക്കുക എന്ന ചിത്തരേശിന്റെ സ്വപ്‌നം ഇതോടെ സഫലമാവുകയാണ.് തണൽ ഭവന പദ്ധതിയുടെ ഭാഗമായി നിർമിക്കുന്ന നാൽപ്പത്തിയേഴാമത്തെ വീടാണ് ഇത്.
Discussion about this post