തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ വൈറസ് കൂടുതല്‍ പേരില്‍ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ബയോമെട്രിക് പഞ്ചിങ് സിസ്റ്റം ഒഴിവാക്കി കെഎസ്ആര്‍ടിസി. ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജീവനക്കാര്‍ ആരും ബയോമെട്രിക് പഞ്ചിംഗ് സിസ്റ്റം ഉപയോഗിച്ച് പഞ്ച് ചെയ്യേണ്ടതില്ലെന്ന് കെഎസ്ആര്‍ടിസി എംഡി അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് പഞ്ചിംഗ് ഒഴിവാക്കിയത്.
ബസ്സുകളില്‍ ജോലി ചെയ്തുവരുന്ന ജീവനക്കാര്‍ മാസ്‌ക് ഉപയോഗിക്കണമെന്നും വ്യക്തിശുചിത്വം പാലിക്കണമെന്നും എംഡി മുന്നറിയിപ്പ് നല്‍കി.അതെസമയം പത്തനംതിട്ടയില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ആരോഗ്യവകുപ്പ് മാസ്‌കും കയ്യുറകളും നല്‍കിയിരുന്നു.
കൂടാതെ, പത്തനംതിട്ട ജില്ലയിലെ എല്ലാ ബസ് സ്റ്റേഷനുകളിലെ ജീവനക്കാര്‍ക്കും ജില്ല വഴി കടന്നു പോകുന്ന മറ്റു ജില്ലകളിലെ സര്‍വീസുകളിലെ ക്രൂവിനും അതത് ഡിപ്പോയിലെ കണ്ടിജന്‍സി ഫണ്ടില്‍ നിന്നും ഉപയോഗപ്രദമായ രോഗ പ്രതിരോധ അവശ്യ സാധനങ്ങള്‍ വാങ്ങി നല്‍കാനും കെഎസ്ആര്‍ടിസി സിഎംഡി ഉത്തരവിട്ടിരുന്നു.
പൊതു ജനങ്ങളുമായി ബന്ധപ്പെടുന്ന വിഭാഗമെന്ന നിലയില്‍ കെഎസ്ആര്‍ടിസി തൊഴിലാളികള്‍ക്ക് മാസ്‌കും കയ്യുറകളും ഉള്‍പ്പെടെ രോഗ പ്രതിരോധ അവശ്യ സാധനങ്ങള്‍ അടിയന്തരമായി അനുവദിക്കണമെന്ന് കാണിച്ച് സര്‍ക്കാരിനും മാനേജ്‌മെന്റിനും ട്രാന്‍.എംപ്ലോയീസ് യൂണിയന്‍ കത്ത് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎസ്ആര്‍ടിസി സിഎംഡിയുടെ ഉത്തരവ്.