ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ല, വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ല; തുറന്ന് പറഞ്ഞ് പത്തനംതിട്ടയില്‍ രോഗബാധിതനായ യുവാവ്

പത്തനംതിട്ട: ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചിട്ടില്ലെന്ന് കൊറോണ വൈറസ് ബാധിതനായ പത്തനംതിട്ട സ്വദേശി. വിദേശത്ത് നിന്നെത്തിയ വിവരം എയര്‍പോര്‍ട്ട് അധികൃതരെ അറിയിച്ചിരുന്നുവെന്നും വിവാഹത്തിനോ പൊതുചടങ്ങുകള്‍ക്കോ പോയിട്ടില്ലെന്നും രോഗ ബാധിതനായ യുവാവ് വ്യക്തമാക്കി.

അതേസമയം, പുനലൂരുള്ള ബന്ധുവീട്ടില്‍ പോയിരുന്നെന്ന് യുവാവ് പറഞ്ഞു. പത്തനംതിട്ട ജില്ലയില്‍ കഴിഞ്ഞദിവസം അഞ്ചുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവര്‍ നിലവില്‍ ചികിത്സയില്‍ കഴിയുകയാണ്. കൊറോണ ബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

രോഗ വ്യാപനം തടയുന്നതിനായി വൈറസ് ബാധിച്ചവരുമായി ഇടപഴകിയവരില്‍ നിരീക്ഷണം സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. രോഗികളുമായി അടുത്ത് ബന്ധം പുലര്‍ത്തിയവരെ കണ്ടെത്താനും നിരീക്ഷിക്കാനുമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. 58 പേര്‍ രോഗബാധിതരുമായി അടുത്ത് ഇടപെട്ടിട്ടുണ്ടെന്നാണ് കണ്ടെത്തല്‍.

വൈറസ് പടരുന്നത് തടയുന്നതിനായി സംസ്ഥാനത്ത് പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കി. അതിനിടെ കൊച്ചിയില്‍ ഇന്ന് വീണ്ടും ഒരു കൊറോണ വൈറസ് കേസുകൂടി റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് വയസ്സുള്ള കുട്ടിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Exit mobile version