തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കായി തലസ്ഥാന നഗരി ഒരുങ്ങി. നഗരത്തിലെ 32 വാര്‍ഡുകളിലുള്‍പ്പെടുന്ന പത്ത് കിലോമീറ്റര്‍ പ്രദേശത്തെ വീടുകളിലും തെരുവിലും പൊങ്കാലയടുപ്പുകള്‍ നിരന്നു. പൊങ്കാല മഹോത്സവത്തിന് എത്തുന്ന ഭക്തജനങ്ങള്‍ക്ക് സുരക്ഷയൊരുക്കന്നതിനായി 3000 പോലീസുകാരാണ് അണിനിരക്കുന്നത്. ആകാശ നിരീക്ഷണത്തിനായി ഡ്രോണുകളുമുണ്ട്. ഇതിനു പുറമെ 65 സ്ഥലങ്ങളില്‍ സിസിടിവി ക്യാമറ നിരീക്ഷണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ക്ഷേത്രവും പരിസരവും നാല് സോണുകളായി തിരിച്ച് നാല് എസ്പിമാര്ക്ക് സുരക്ഷാ ചുമതല. ക്ഷേത്രവും പരിസരവും ഉള്‍പ്പെടുന്ന ഇന്നര്‍സോണിന്റെ ചുമതല വനിതാ ബറ്റാലിയന് കമന്‍ഡാന്റ് ഡി ശില്പ ദേവയ്യക്കാണ്. ക്ഷേത്രത്തിന് പുറത്ത് പൊങ്കാല നടക്കുന്ന പ്രദേശങ്ങളായ ഔട്ടര്‍ സോണിന്റെ ചുമതല എസ്എപി കമന്‍ഡാന്റ് കെഎസ് വിമലിനാണ്. ഗതാഗത നിയന്ത്രണവും പര്‍ക്കിംഗിനുമായുള്ള ട്രാഫിക് സോണിന്റെ ചുമതല പോലീസ് ആസ്ഥാനത്തെ സ്പെഷല്‍ സെല്‍ എസ്പി വി അജിത്തിനാണ്.
പൊങ്കാലച്ചടങ്ങുകള്‍ക്ക് തുടക്കം കുറിക്കുന്നത് രാവിലെ 9.45-ന് ശുദ്ധപുണ്യാഹ ചടങ്ങിന് ശേഷമാണ്. മുന്നിലെ പാട്ടുപുരയില്‍ തോറ്റംപാട്ടുകാര്‍ കണ്ണകീചരിതത്തില്‍ പാണ്ഡ്യരാജാവിന്റെ വധം നടക്കുന്ന ഭാഗം പാടും. പാട്ടു തീരുമ്പോള്‍ തന്ത്രി ശ്രീകോവിലില്‍നിന്നു ദീപം പകര്‍ന്ന് മേല്‍ശാന്തിക്കു നല്‍കും.
ക്ഷേത്രം തിടപ്പള്ളിയിലെ പൊങ്കാലയടുപ്പില്‍ മേല്‍ശാന്തി തീ കത്തിച്ച ശേഷം അതേ ദീപം സഹമേല്‍ശാന്തിക്കു കൈമാറും. അദ്ദേഹം വലിയ തിടപ്പള്ളിയിലും ക്ഷേത്രത്തിനു മുന്‍വശത്തെ പണ്ടാരയടുപ്പിലും തീ കത്തിക്കും. തുടര്‍ന്ന് ഭക്തര്‍ അടുപ്പുകളില്‍ തീപകരും. ഉച്ചയ്ക്ക് 2.10-ന് ഉച്ചപൂജയും നിവേദ്യവും കഴിയുന്നതോടെ പൊങ്കാല പൂര്‍ത്തിയാകും.
Discussion about this post