കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ സാക്ഷി വിസ്താരം ഇന്നും തുടരും. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് സാക്ഷി വിസ്താരം. ബിന്ദു പണിക്കര്‍, സിദ്ദിഖ്, കുഞ്ചാക്കോ ബോബന് എന്നിവരുടെ സാക്ഷി വിസ്താരമാണ് ഇന്ന് നടക്കേണ്ടത്. നേരത്തേ സാക്ഷി വിസ്താരത്തിന് ഹാജരാവാത്ത കുഞ്ചാക്കോ ബോബനെതിരെ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു. അതേസമയം പ്രോസിക്യൂട്ടര്‍ ഹാജരാകാത്തതിനാലാണ് സിദ്ദിഖിന്റെയും ബിന്ദു പണിക്കരുടെയും വിസ്താരം ഇന്നത്തേക്ക് മാറ്റിയത്.
നടിയെ ആക്രമിച്ച കേസില്‍ ഇതുവരെ 39 പേരുടെ സാക്ഷി വിസ്താരമാണ് കൊച്ചിയിലെ പ്രത്യേക കോടതിയില്‍ നടന്നത്. അതേസമയം സാക്ഷി വിസ്താരത്തിന്റെ വിശദാംശങ്ങള്‍ മാധ്യമങ്ങളില്‍ വരുന്നത് ചോദ്യം ചെയ്ത് കൊണ്ട് കേസിലെ എട്ടാം പ്രതിയായ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും കോടതി ഇന്ന് പരിഗണിക്കുന്നുണ്ട്. കേസില്‍ ഇടവേള ബാബു കൂറ് മാറിയ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെയാണ് ദിലീപ് ഹര്‍ജി നല്‍കിയത്.
പോലീസിന് നല്കിയ മൊഴിയില്‍ നിന്ന് വ്യത്യസ്തമായാണ് ഇടവേള ബാബു കോടതിയില്‍ മൊഴി നല്‍കിയത്. എട്ടാം പ്രതിയായ നടന് ദിലീപ് സിനിമയില്‍ അവസരങ്ങള്‍ നഷ്ടപ്പെടുത്തി എന്നാരോപിച്ച് ആക്രമിക്കപ്പെട്ട നടി സംഘടനയില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. എന്നാല്‍ രേഖാമൂലം പരാതി നല്‍കിയില്ലെന്നും സംഘടന പറഞ്ഞിരുന്നു. ഈ വാദത്തിന് എതിരായിട്ടാണ് ഇടവേള ബാബു മൊഴി നല്‍കിയത്. ദിലീപ് അവസരങ്ങള്‍ നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി പരാതിപ്പെട്ടതായി ഓര്‍മ്മയില്ലെന്നാണ് ഇടവേള ബാബു കോടതിയില്‍ പറഞ്ഞത്. ഇതേ തുടര്‍ന്ന് ഇടവേള ബാബുവിനെ കോടതി കൂറുമാറിയതായി പ്രഖ്യാപിച്ചിരുന്നു.
Discussion about this post