തൃശ്ശൂര്‍: കേരളത്തിനെ വീണ്ടും ആശങ്കയിലാഴ്ത്തി കൊവിഡ് 19. പത്തനംതിട്ടയ്ക്ക് പുറമെ തൃശ്ശൂരില്‍ പതിനൊന്ന് പേരാണ് നിരീക്ഷണത്തിലുള്ളത്. ഇറ്റലിയില്‍ നിന്നും വന്ന പത്തനംതിട്ടക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരാണിവര്‍. ഇവരെ ക്വാറന്റൈന് ചെയ്തിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നും വന്ന ഫ്ളൈറ്റില്‍ ഉണ്ടായിരുന്നവരാണ് ഇവര്‍. പതിനൊന്ന് പേരില്‍ ആറ് പേര് ഹൈ റിസ്ക് ഗണത്തില്‍പ്പെടുന്നവരാണ്. ഇവരുടെ രക്ത സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയക്കും.
മന്ത്രി വിഎസ് സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കളക്ടറുടെ ചേംബറില്‍ വിളിച്ചു ചേര്‍ത്ത അടിയന്തിര യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. നിലവില്‍ ജില്ലയില്‍ 162 പേരാണ് നിരീക്ഷണത്തിലുള്ളത്. 142 പേര് വീടുകളിലും, 20 പേര് ജില്ലയിലെ വിവിധ ആശുപത്രികളിലുമായി നിരീക്ഷണത്തിലാണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 2, ജില്ലാ ആശുപത്രിയില്‍ 2, ചാലക്കുടി 3, കുന്നംകുളം 1, ഇരിഞ്ഞാലക്കുട 1, കൊടകര 1, തൃശ്ശൂര്‍ സരോജ നഴ്സിംഗ് ഹോമില്‍ 1 എന്നിങ്ങനെയാണ് ആശുപത്രിയില്‍ ഉള്ളവര്‍. ഈ പതിനൊന്ന് പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുടെ ലിസ്റ്റ് ഇന്ന് തയ്യാറാക്കും.
ഇരിങ്ങാലക്കുട, കൊരട്ടി, ചാലക്കുടി, കാട്ടുര്‍, പഴയന്നൂര്‍ ആശുപത്രികളിലും ഐസൊലേഷന്‍ സൗകര്യം ഒരുക്കുന്നുണ്ട്. റെയില്‍വേ സ്റ്റേഷന്, കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് എന്നിവിടങ്ങളിലുള്ള യാത്രക്കാരെ അവിടെ വെച്ച് തന്നെ പരിശോധന നടത്താന്‍ 3 ഇന്‍ഫ്രാറെഡ് തെര്‍മല്‍ സ്കാനര്‍ ഉടന്‍ വാങ്ങാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തളിക്കുളം സീതാറാം ആയുര്‍വേദ റിസോര്‍ട്ട്, തൃശ്ശൂര്‍ എസ്എന്‍എ ആയുര്‍വേദ ആശുപത്രിയിലും ചികിത്സക്കായി എത്തിയ വിദേശികളും നിരീക്ഷണത്തിലാണ്.
Discussion about this post