പാലാ: നൊന്ത് പ്രസവിച്ച അമ്മയുടെ മൃതദേഹം ഓടയില്‍ തള്ളിയ മകന് പോലീസ് പിടിയില്‍. ആലപ്പുഴ ജില്ലയിലെ മാവേലിക്കരയിലാണ് സംഭവം. ചെട്ടികുളങ്ങര അമലാ ഭവനില്‍ പരേതനായ ബേബിയുടെ ഭാര്യ അമ്മുക്കുട്ടി (76)യുടെ മൃതദേഹം ഓടയില്‍ തള്ളിയതിന് ഇളയ മകന് അലക്സ് ബേബിയെ(46)യാണ് പോലീസ് അറസ്റ്റുചെയ്തത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പാലാ -തൊടുപുഴ സംസ്ഥാന പാതയില്‍ കാര്‍മ്മല്‍ ആശുപത്രി റോഡിന് എതിര്‍വശത്തെ കലുങ്കിന് സമീപം അമ്മുക്കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തില്‍ പോലീസ് കേസെടുത്തു. ഐപിസി 304-ാം വകുപ്പ് പ്രകാരമാണ് അലക്സിനെതിരേ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പോലീസ് പറയുന്നത് ഇങ്ങനെ;
ഭര്‍ത്താവ് ബേബി 10 വര്‍ഷം മുമ്പ് മരിച്ചശേഷം സ്വന്തം നാടായ മാവേലിക്കരയിലെ വസ്തുക്കള്വിറ്റ് അമ്മുക്കുട്ടിയും മകന് അലക്സും ചിങ്ങവനത്തെ സ്വകാര്യ ലോഡ്ജില്‍ രണ്ടര വര്‍ഷമായി താമസിച്ചുവരികയാണ്. കഴിഞ്ഞ ബുധനാഴ്ച രാവിലെ അമ്മയ്ക്ക് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായി. എന്നാല്‍ അലക്സ് ആശുപത്രിയില്‍ കൊണ്ടുപോകുവാന്‍ തയ്യാറായില്ല.
അവശനിലയിലായ അമ്മുക്കുട്ടി ഉച്ചയോടെ മരിച്ചു. എന്നാല്‍ അലക്സ് ഇക്കാര്യം പുറത്തറിയിച്ചില്ല. രാത്രി ഒന്‍പതോടെ മൃതദേഹം ലോഡ്ജുമുറിയില്‍ നിന്നെടുത്ത് അലക്സ് സ്വന്തം കാറില്‍ കയറ്റി. അമ്മയ്ക്ക് അസുഖമാണെന്നും ആശുപത്രിയിലേക്ക് കൊണ്ടുപോവുകയാണെന്നുമാണ് ഇയാള്‍ ലോഡ്ജ് ജീവനക്കാരോട് പറഞ്ഞത്.
ശേഷം മൃതദേഹം ചങ്ങനാശ്ശേരി-അയര്‍ക്കുന്നം വഴി കൊണ്ടുപോയി പാലാ-തൊടുപുഴ റോഡില്‍ കലുങ്കിനോട് ചേര്‍ന്നുള്ള ചെടികള്‍ നിറഞ്ഞ ഓടയില്‍ തള്ളുകയായിരുന്നു. അടുത്തദിവസം മൃതദേഹം കണ്ട നാട്ടുകാര്‍ വിവരം പോലീസിനെ അറിയിച്ചു. സ്ഥലത്തെത്തിയ പോലീസ് അന്വേഷണം നടത്തി. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.
ഇതില്‍ അലക്സിന്റെ കാറ് കുടുങ്ങിയിരുന്നു. ഇതില്‍ സംശയം തോന്നിയ പോലീസ് കാറിനെ ചുറ്റിപ്പറ്റി അന്വേഷണം ആരംഭിച്ചിരുന്നു. അന്വേഷണത്തില്‍ കാര്‍ പാലായിലുണ്ടെന്ന് വിവരം ലഭിച്ചു. മൃതദേഹം തള്ളിയശേഷം അലക്സ് കാര്‍ കെഎസ്ആര്‍ടിസി പാര്‍ക്കിങ് മൈതാനിയില്‍ പാര്‍ക്ക് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പാലായില്‍ ലോഡ്ജില്‍ മുറിയെടുത്തശേഷം വിവിധ സ്ഥലങ്ങളില്‍ യാത്രചെയ്തു.
വേഷം മാറിയെത്തിയാണ് പോലീസ് ഇയാളെ പിടികൂടിയത്. മൃതദേഹം സംസ്കരിക്കാന്‍ സൗകര്യമില്ലാത്തതിനാലാണ് ഉപേക്ഷിച്ചതെന്ന് അലക്സ് പോലീസിനോട് പറഞ്ഞു. സംഭവത്തില്‍ പോലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
Discussion about this post