തിരുവനന്തപുരം: അഞ്ച് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേരാണ് നിലവില്‍ നിരീക്ഷണത്തിലുള്ളതെന്ന് ആരോഗ്യവകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടവരുടെ ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ലോകത്തൊന്നടങ്കം ഭീതിപരത്തിക്കൊണ്ട് പടര്‍ന്നുപിടിക്കുന്ന കൊറോണ വൈറസ് നിലവില്‍ 94 രാജ്യങ്ങളിലാണ് സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തില്‍ കൊറോണ വൈറസിനെ അതിജീവിച്ച കേരളത്തില്‍ വൈറസ് ബാധ വീണ്ടും സ്ഥിരീകരിച്ചിരിക്കുകയാണ്. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബത്തിനും രണ്ട് ബന്ധുക്കള്‍ക്കുമാണ് നിലിവില്‍ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.
എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ആരുടേയും ആരോഗ്യനിലയില്‍ ആശങ്കയ്ക്ക് വകയില്ലെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 732 പേരാണ് നിരീക്ഷണത്തിലുള്ളത്. സംസ്ഥാനത്ത് 648 പേര് വീടുകളിലും 84 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. സംശയാസ്പദമായ 729 സാമ്പിളുകള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.
ഇതില്‍ 664 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവ് ആണ്.അതേസമയം, വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്ന 14 വ്യക്തികളെ പരിഷ്കരിച്ച മാര്‍ഗരേഖ പ്രകാരം ഞായറാഴ്ച ഒഴിവാക്കിയിട്ടുണ്ട്. എല്ലാവരും ജാഗ്രത നിര്‍ദേശം പാലിക്കണമെന്നും മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നും എത്തിയവര്‍ അല്ലെങ്കില്‍ അത്തരം യാത്രക്കാരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ വീടുകളില്‍ നിരീക്ഷണത്തില്‍ തുടരണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചു. ആലിംഗനം അല്ലെങ്കില്‍ ഹാന്‍ഡ്ഷേക്ക് പോലുള്ള സ്പര്‍ശിച്ചു കൊണ്ടുള്ള സാമൂഹിക ആശംസകള്‍ ഒഴിവാക്കണമെന്നും നിര്‍ദേശമുണ്ട്.
Discussion about this post