കൊറോണ സ്ഥിരീകരിച്ച കുടുംബം ആദ്യം വൈദ്യപരിശോധനാസംഘവുമായി സഹകരിച്ചില്ല; മടക്കയാത്രയ്ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് തരില്ലെന്ന് അറിയിച്ചപ്പോള്‍ മനസ്സ് മാറി

പത്തനംതിട്ട: പത്തനംതിട്ട ജില്ലയില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബം ആദ്യം വൈദ്യപരിശോധനാസംഘവുമായി സഹകരിക്കാന്‍ മടിച്ചുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍. മടക്കയാത്രയ്ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് തരില്ലെന്ന് ഡിഎംഒ അറിയിച്ചതോടെയാണ് ഇവര്‍ വൈദ്യപരിശോധനയ്ക്ക് സഹകരിച്ചതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ വ്യക്തമാക്കി.

ഫെബ്രുവരി 29 നാട്ടിലെത്തിയ ഇവര്‍ ഇക്കാര്യം മറച്ചുവെച്ചാണ് ഇത്രയും ദിവസം നാട്ടില്‍ കഴിഞ്ഞത്. വിമാനത്താവളത്തിലുണ്ടായിരുന്ന ഹെല്‍ത്ത്കൗണ്ടറില്‍ ഇവര്‍ റിപ്പോര്‍ട്ടും ചെയ്തില്ല. അതിനിടെ ബന്ധുക്കളെ കാണാനും പള്ളിയില്‍ കുര്‍ബാന കൂടാനുമൊക്കെ പോയിരുന്നു. റാന്നിയിലെ സ്വകാര്യആശുപത്രിയില്‍ ചികിത്സയ്ക്കുവന്നപ്പോഴും ഗൃഹനാഥയും വിവരം ഡോക്ടറോട് പറഞ്ഞില്ല.

ഇടപഴകിയ അടുത്ത ബന്ധുക്കള്‍ റാന്നി താലൂക്ക് ആശുപത്രിയില്‍ പനിയുമായി ചെന്നപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഡോക്ടര്‍മാര്‍ അവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞതിന് പിന്നാലെയാണ് ഇറ്റലിയില്‍ നിന്നെത്തിയ കുടുംബത്തെ വൈദ്യപരിശോധനയ്ക്കായി സമീപിച്ചത്. എന്നാല്‍ ആദ്യം ഇവര്‍ സഹകരിച്ചില്ല.

പിന്നീട് മടക്കയാത്രയ്ക്ക് മെഡിക്കല്‍ ക്ലിയറന്‍സ് തരില്ലെന്ന് ഡിഎംഒ ഫോണിലൂടെ അറിയിച്ചപ്പോഴാണ് ഇവരുടെ മനസ്സ് മാറിയതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. രോഗബാധിതർ മാർച്ച് ആറിന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടും വരെ എവിടെയെല്ലാം പോയി ആരെയൊക്കെ കണ്ടു എന്ന് കണ്ടെത്താൻ ജില്ലാ ഭരണകൂടം അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Exit mobile version