വയനാട്: വയനാട്ടില്‍ കുരങ്ങുപനി ബാധിച്ച് ചികിത്സയിലായിരുന്ന മദ്ധ്യവയസ്ക മരിച്ചു. കാട്ടിക്കുളം നാരങ്ങാകുന്ന് കോളനിയിലെ രാജുവിന്റെ ഭാര്യ മീനാക്ഷി ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ആയിരുന്നു. സംസ്ഥാനത്തെ ഈ വര്‍ഷത്തെ ആദ്യത്തെ കുരങ്ങുപനി മരണമാണിത്.
13 പേര്‍ക്കാണ് വയനാട് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചിരുന്നത്. ഇതില്‍ ഒന്‍പത് ആളുകള്‍ ചികിത്സ പൂര്‍ത്തിയാക്കി മടങ്ങി. ബാക്കി മൂന്നുപേര്‍ ചികിത്സയില്‍ തുടരുകയാണ്. ഇവര്‍ക്കെല്ലാവര്‍ക്കും രോഗം ബാധിച്ചത് തിരുനെല്ലി പഞ്ചായത്തില്‍ വച്ചാണ്. കുരങ്ങുപനി ബാധിച്ച് ഒരാള്‍ മരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. കാടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരും കാടതിര്‍ത്തിയില്‍ താമസിക്കുന്നവരും കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്.
കുരങ്ങ് പനിയെ തുടര്‍ന്ന് 2014 – 15 വര്‍ഷം 11 പേരാണ് വയനാട്ടില്‍ മാത്രം മരിച്ചത്. കഴിഞ്ഞ വര്‍ഷം 2 പേര് രോഗം ബാധിച്ചു മരിച്ചിരുന്നു. ഹീമോഫൈസാലിസ് വിഭാഗത്തില്‍പെട്ട ചെള്ളുപ്രാണിയാണ് കുരങ്ങുപനി രോഗവാഹകര്‍. പ്രധാനമായും കുരങ്ങന്റെ ശരീരത്തില്‍ ജീവിക്കുന്ന ഈ പ്രാണി കുരങ്ങന് ചാകുന്നതോടെ മൃഗങ്ങളിലേക്കും മനുഷ്യരിലേക്കും രോഗം പടര്‍ത്തും.
Discussion about this post