പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ വീണ്ടും സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രോഗബാധയോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണമെന്ന് ദേവസ്വം ബോര്‍ഡ്. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായിട്ടാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം.
മാസ പൂജക്കായി വെള്ളിയാഴ്ച്ച വൈകിട്ടാണ് നട തുറക്കുന്നത്. ഇതിന് മുമ്പായി ആരോഗ്യവകുപ്പുമായി ആലോചിച്ച് നിരീക്ഷണ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തും. അതെസമയം പത്തനംതിട്ട റാന്നിയില്‍ അഞ്ച് പേരില്‍ കൊറോണ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ഭക്തര്‍ക്കായി പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നും ദേവസ്വം ബോര്‍ഡ് വ്യക്തമാക്കി.
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേരിലാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ റാന്നി ഐത്തല സ്വദേശിയായ 55 കാരനും ഭാര്യയ്ക്കും 22 വയസുകാരനായ മകനുമാണ് രോഗം കണ്ടെത്തിയത്.
ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസോലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
റാന്നി സ്വദേശികള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയില്‍ അതീവജാഗ്രത പ്രഖ്യാപിച്ചു. ജില്ലയില്‍ അഞ്ച് കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. ജില്ലയിലെ എല്ലാ പൊതുപരിപാടികളും റദ്ദാക്കി. മതപരമായ കൂടിചേരലുകളും ഒഴിവാക്കണമെന്ന് ജില്ലാകളക്ടര്‍ അഭ്യര്‍ത്ഥിച്ചു.