തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ സ്ഥിരീകരിച്ചെങ്കിലും ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്ക്കേണ്ടതില്ലെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇത്രയും മാസങ്ങള്‍ നടത്തിയ ഒരുക്കങ്ങള്‍ ഉള്ളതിനാല്‍ ആറ്റുകാല്‍ പൊങ്കാല നിര്‍ത്തി വയ്ക്കേണ്ടതില്ല. എന്നാല്‍ കര്‍ശന ജാഗ്രതയോടെയാകും ഇത്തവണത്തെ പൊങ്കാല നടത്തുകയെന്ന് മന്ത്രി വ്യക്തമാക്കി. രോഗലക്ഷണങ്ങളുള്ളവര്‍ ആരും പൊങ്കാല ഇടാന്‍ വരരുതെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു.
രോഗബാധിത രാജ്യങ്ങളില്‍ നിന്ന് പൊങ്കാലയിടാന്‍ വന്നവര്‍ മാറിനില്‍ക്കുകയോ വീട്ടില്‍ തന്നെ പൊങ്കാലയിടുകയോ ചെയ്യണമെന്നും മന്ത്രി വ്യക്തമാക്കി. പനി, ചുമ, ശ്വാസതടസ്സം തുടങ്ങിയ ഉള്ളവര്‍ പൊങ്കാലയില്‍ യാതൊരു കാരണവശാലും പങ്കെടുക്കാന്‍ പാടില്ല. വിദേശികള്‍ക്ക് ഹോട്ടലുകളില്‍ തന്നെ പൊങ്കാലയിടാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്നും കെകെ ശൈലജ അറിയിച്ചു.
പൊങ്കാല ഇടാനെത്തുന്നവരുടെ വീഡിയോ ചിത്രീകരിക്കും. ക്ഷേത്രപരിസരവും പൊങ്കാലയിടുന്ന സ്ഥലങ്ങളും അരമണിക്കൂര്‍ ഇടവിട്ട് അണുവിമുക്തമാക്കും. ബസ് സ്റ്റാന്‍ഡുകളിലും റെയില്‍വേ സ്റ്റേഷനുകളിലും വിവിധ ഭാഷകളില്‍ മുന്നറിയിപ്പുകള്‍ നല്‍കും. പൊങ്കാല ജാഗ്രതയുടെ ഭാഗമായി 23 പ്രത്യേക മെഡിക്കല്‍ ടീമിനെ നീരീക്ഷണത്തിനായി നിയോഗിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഇന്ന് അഞ്ച് പേരിലാണ് പുതിയതായി കൊറോണ സ്ഥിരീകരിച്ചത്. ഇറ്റലിയില്‍ സന്ദര്‍ശനം നടത്തിയ ശേഷം നാട്ടില്‍ തിരിച്ചെത്തിയ റാന്നി ഐത്തല സ്വദേശിയായ 55 കാരനും ഭാര്യയ്ക്കും 22 വയസുകാരനായ മകനുമാണ് രോഗം കണ്ടെത്തിയത്.
ഇവരുടെ അടുത്ത ബന്ധുക്കളായ രണ്ടുപേര്‍ക്കും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരെ ഐസോലേഷന് വാര്‍ഡില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. ഇവരുമായി സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ടവരെ കണ്ടെത്തുന്നതിനുളള ശ്രമങ്ങള്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ തുടരുകയാണ്.
Discussion about this post