കണ്ണൂർ:യാത്ര ഹരമാക്കിയ ‘മല്ലു ട്രാവലർ’ എന്ന വ്ളോഗർ വളരെ വ്യത്യസ്തമായ ഒരു അനുഭവ കഥയുമായാണ് ഇത്തവണ സബ്സ്ക്രൈബേഴ്സിന് മുന്നിലേക്ക് എത്തിയിരിക്കുന്നത്. കൊറോണ സ്ഥിരീകരിച്ച നിരവധി രാജ്യങ്ങളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തിയതിനാൽ തന്നെ മല്ലു ട്രാവലറെന്ന് അറിയപ്പെടുന്ന മലയാളിയായ ഷാക്കിർ സുബ്ഹാന് ഐസൊലേഷൻ വാർഡിലേക്കുള്ള വഴി തെളിയുകയായിരുന്നു. അസർ ബൈജാനിൽ നിന്നും ദുബായ് വഴി കണ്ണൂർ വിമാനത്താവളത്തിൽ വന്നിറങ്ങിയ ഉടനെ തന്നെ തനിക്ക് ലഭിച്ചത് പ്രധാനമന്ത്രിക്ക് കിട്ടുന്നതുപോലൊരു വിഐപി ട്രീറ്റ്മെന്റാണെന്ന് ഷാക്കിർ പറയുന്നു. കേരളത്തിലെ ആരോഗ്യ മേഖലയുടെ മികവും തന്റെ വ്ളോഗിലൂടെ ഷാക്കിർ വിശദീകരിക്കുന്നു.
വിമാനത്താവളത്തിൽ വന്നിറങ്ങിയപ്പോൾ കാത്തിരുന്ന ആരോഗ്യപ്രവർത്തകർ ഏതൊക്കെ രാജ്യങ്ങളിൽ പോയെന്ന് ചോദിച്ചു. മൊത്തം നാല് രാജ്യങ്ങളുടെ പേര് പറഞ്ഞതോടെ കൊറോണ ബാധിത മേഖലയിൽ നിന്ന് എത്തിയതാണെന്ന് വ്യക്തമായി. അപ്പോൾ മുതൽ പ്രത്യേക പരിഗണനയാണ് ലഭിച്ചതെന്ന് ഷാക്കിർ വിശദീകരിക്കുന്നു. പ്രത്യേക ചെക്കപ്പുണ്ട്, ഐസൊലേഷൻ വാർഡിലേക്ക് മാറ്റുമെന്ന അറിയിപ്പും കൂടി വന്നതോടെ എല്ലാം ശുഭം. വളരെ സന്തോഷത്തോടെ ഈ അനുഭവവും ഏറ്റെടുക്കാൻ തയ്യാറാണെന്ന് അറിയിച്ച് വളരെ പോസിറ്റീവായി തന്നെ ഐസലൊഷേനെ സ്വീകരിക്കാൻ റെഡിയായി ഷാക്കിർ പ്രത്യേക ആംബുലൻസിൽ കയറി കണ്ണൂർ ജനറൽ ആശുപത്രിയിലെ ഐസൊലേഷൻ വാർഡിലേക്ക് തിരിച്ചു. ഇതെല്ലാം വീഡിയോയിൽ പകർത്തി ജനങ്ങളിലെത്തിക്കാനും ഈ വ്ളോഗർ മറന്നില്ല.
എയർപോർട്ടു മുതൽ ഐസൊലേഷൻ വാർഡിലെ തുടർ ദിവസങ്ങളുമാണ് വ്ളോഗിലെ വിഷയം. ഇതോടൊപ്പം, കേരളത്തിലെ ജനങ്ങളും, കേരളത്തിലെ ആരോഗ്യവകുപ്പും എങ്ങനെയാണ് കൊറോണയെ നേരിടുന്നത് എന്നത് എല്ലാവരിലേക്കും എത്തിക്കുന്നത് കൂടിയാണ് ഈ വീഡിയോ.
Discussion about this post