കൊച്ചി: കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനം കനത്ത ജാഗ്രതയിലാണ്. രോഗബാധിതരായ കുടുംബം നെടുമ്പാശ്ശേരിയിലാണ് വിമാനം ഇറങ്ങിയത്. അതിനാല്‍ കൊച്ചിയിലും ജാഗ്രത ശക്തമാക്കിയിരിക്കുകയാണ്. നെടുമ്പാശ്ശേരിയില്‍ ജില്ലാ കളക്ടര്‍ അടിയന്തരയോഗം വിളിച്ചു.
രാജ്യം ഒന്നടങ്കം കൊറോണ ഭീതിയിലായിരിക്കെയാണ് വൈറസിനെ ഒരുതവണ അതിജീവിച്ച കേരളത്തില്‍ വീണ്ടും കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്തനംതിട്ടയില്‍ 5പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ച വിവരം ആരോഗ്യമന്ത്രി കെകെ ശൈലജയാണ് പത്രസമ്മേളനം വിളിച്ച് അറിയിച്ചത്. ഫെബ്രുവരി 29 നാണ് രോഗബാധിതര്‍ ഇറ്റലി സന്ദര്‍ശനത്തിന് ശേഷം ദോഹ വഴി കൊച്ചിയിലെത്തിയത്.
ഖത്തര്‍ എയര്‍വെയ്സിന്റെ തന്നെ ക്യൂആര്‍ 514 നമ്പര്‍ വിമാനത്തില്‍ കുടുംബം രാവിലെ 8.20 ഓടെ കൊച്ചിയിലെത്തുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ സ്വകാര്യകാറില്‍ വീട്ടിലേക്ക് പോയി. വിമാനത്താവളത്തില്‍ പരിശോധനകള്‍ക്കൊന്നും ഇവര്‍ വിധേയരായിരുന്നില്ല. ഈ പശ്ചാത്തലത്തിലാണ് കൊച്ചിയില്‍ ജാഗ്രത പുറപ്പെടുവിച്ചത്.
വിമാനത്തില്‍ ഉണ്ടായിരുന്നവരെ കണ്ടെത്താന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങി. കുടുംബം കൊച്ചിയിലെത്തിയ വിമാനത്തില്‍ 82 യാത്രക്കാര്‍ ഉണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. ഈ വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ കേരളത്തില്‍ ഉണ്ടെങ്കില്‍ ഉടന്‍ തന്നെ ആരോഗ്യവകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്ന് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടു.
Discussion about this post