തിരുവനന്തപുരം: മദ്യലഹരിയിൽ കാറോടിച്ച് അപകടമുണ്ടാക്കിയ വ്യവസായിയെ പിടികൂടി. ബിഎസ്എൻഎൽ കരാർ തൊഴിലാളിയെ കാറിടിച്ചു കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ പേരൂർക്കട സ്വദേശി അജയഘോഷാണ് അറസ്റ്റിലായത്. ശനിയാഴ്ച രാത്രിയിലാണ് ഇയാൾ മദ്യലഹരിയിൽ ബിഎസ്എൻഎൽ കേബിൾ നന്നാക്കുകയായിരുന്ന യുവാവിന്റൈ ശരീരത്തിൽ കാർ ഇടിച്ചുകയറ്റി കൊലപ്പെടുത്തിയത്. ബിഎസ്എൻഎൽ കരാർ തൊഴിലാളിയായ ജോൺ ഫ്രെഡോയാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.45നായിരുന്നു സംഭവം.
അജയഘോഷ് അമിതവേഗത്തിലോടിച്ച കാർ വരുന്നതു കണ്ടിട്ടും കേബിൾ ശരിയാക്കാനായി കുഴിയിലായതിനാൽ ജോൺ ഫെഡ്രോയ്ക്ക് ഓടി രക്ഷപ്പെടാനായില്ല. കൂടെയുണ്ടായിരുന്നവർ ഓടിമാറിയതിനാലാണ് രക്ഷപ്പെട്ടത്. പേരൂർക്കട ഭാഗത്തുനിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള റോഡ്, കേബിൾ അറ്റകുറ്റപ്പണിക്കുവേണ്ടി അടച്ചിരുന്നു. ബാരിക്കേഡും ലൈറ്റും വച്ച് മുന്നറിയിപ്പ് നൽകിക്കൊണ്ടാണ് കേബിളിന്റെ കേടുപാട് തീർക്കാനുള്ള ജോലികൾ കരാർ ജീവനക്കാർ നടത്തിയിരുന്നത്.
ബിഎസ്എൻഎൽ ഉദ്യോഗസ്ഥരും ടിആർഡിസിഎൽ ജീവനക്കാരും സ്ഥലത്തുണ്ടായിരുന്നു. ഇവരിൽ പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. പരിക്കേറ്റ ജോൺ ഫെഡ്രോയെ ഉടൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കാറോടിച്ചിരുന്ന അമ്പലംമുക്ക് സ്വദേശി അജയഘോഷിനെ പോലീസ് ഉടൻ കസ്റ്റഡിയിലെത്തിരുന്നു. ഇയാൾ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ തെളിയുകയും ചെയ്തതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
Discussion about this post