ഇടുക്കി: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇടുക്കി ജില്ലയിലെ ചെക്പോസ്റ്റുകളില്‍ പരിശോധന ശക്തമാക്കി മൃഗസംരക്ഷണ വകുപ്പ്. കമ്പംമേട് ചെക്ക് പോസ്റ്റില്‍ 24 മണിക്കൂറും പരിശോധന നടത്തുമെന്നാണ് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചത്. തമിഴ്നാട്ടില്‍ നിന്ന് ബ്രോയിലര്‍ കോഴികളെ എത്തിക്കുന്ന പ്രധാന മാര്‍ഗമാണ് കമ്പംമേട് ചെക്ക് പോസ്റ്റ്.
സംസ്ഥാനത്തേക്ക് തമിഴ്‌നാട്ടില്‍ നിന്ന് ദിനംപ്രതി ഇരുപത്തയ്യായിരത്തോളം കിലോ ബ്രോയിലര്‍ കോഴികളാണ് കമ്പംമേട് ചെക്ക്പോസ്റ്റ് വഴി എത്തുന്നത്. കഴിഞ്ഞ ദിവസം കോഴികളുമായി വന്ന വണ്ടിയില്‍ ചത്ത കോഴികളെ കണ്ടതിനെ തുടര്‍ന്ന് വാഹനങ്ങള്‍ തമിഴ്നാട്ടിലേക്ക് തന്നെ മടക്കി അയച്ചിരുന്നു.
അതേസമയം സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ വളര്‍ത്തുപക്ഷികളെ ഇന്ന് മുതല്‍ കൊന്ന് തുടങ്ങും. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നല്‍കിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം നടക്കുക.
പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനും വീടിനും ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മുഴുവന്‍ വളര്‍ത്തു പക്ഷികളെയുമാണ് ഇന്ന് മുതല്‍ കൊന്നുതുടങ്ങുക. പതിനായിരത്തിലേറെ പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്.