പക്ഷിപ്പനി; രോഗം സ്ഥിരീകരിച്ച ഫാമുകളിലെ നശീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് ആരംഭിക്കും

കോഴിക്കോട്: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമുകളിലെ വളര്‍ത്തുപക്ഷികളെ ഇന്ന് മുതല്‍ കൊന്ന് തുടങ്ങും. കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പ്രത്യേക പരിശീലനം നല്‍കിയ വിവിധ വകുപ്പുകളിലെ ഇരുനൂറിലധികം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് പ്രതിരോധ പ്രവര്‍ത്തനം നടക്കുക.

പക്ഷിപ്പനി സ്ഥിരീകരിച്ച ഫാമിനും വീടിനും ഒരു കിലോമീറ്റര്‍ ചുറ്റളവിലുളള മുഴുവന്‍ വളര്‍ത്തു പക്ഷികളെയുമാണ് ഇന്ന് മുതല്‍ കൊന്നുതുടങ്ങുക. പതിനായിരത്തിലേറെ പക്ഷികളെ കൊല്ലേണ്ടിവരുമെന്നാണ് മൃഗസംരക്ഷണവകുപ്പിന്റെ കണക്ക്.

നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കായി അഞ്ച് പേരെടങ്ങുന്ന 35 സംഘങ്ങള്‍ക്ക് പരിശീലനം നല്‍കിക്കഴിഞ്ഞു. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രദേശത്തിന് പത്തുകിലോമീറ്റര്‍ ചുറ്റളവിലുള്ള കോഴിയിറച്ചി വില്‍പ്പന ജില്ലാ കലക്ടര്‍ താല്‍ക്കാലികമായി നിരോധിച്ചിട്ടുണ്ട്. അതേസമയം രോഗം മനുഷ്യരിലേക്ക് പടര്‍ന്നിട്ടില്ലാത്തതിനാല്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കിയത്. സംസ്ഥാനത്ത് 2016 ല്‍ കുട്ടനാട്ടിലാണ് ഇതിനുമുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.

Exit mobile version