കൊച്ചി: ചവറ എംഎല്‍എ എന്‍ വിജയന്‍പിള്ള അന്തരിച്ചു. 65 വയസ്സായിരുന്നു. അര്‍ബുദ ബാധിതനായി ഏറെ നാളായി ചികിത്സയില്‍ കഴിയുകയായിരുന്നു അദ്ദേഹം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പുലര്‍ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം.
ചവറ പഞ്ചായത്ത് അംഗമായി പ്രവര്‍ത്തിച്ച അദ്ദേഹം 2000-2005 കാലത്ത് കൊല്ലം ജില്ലാ പഞ്ചായത്ത് അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ആര്‍എസ്പി നേതാവും മന്ത്രിയുമായിരുന്ന ഷിബു ബേബി ജോണിനെ പരാജയപ്പെടുത്തി 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ വിജയന്‍ പിള്ള നിയമസഭയിലെത്തി.
ആര്‍എസ്പിയിലൂടെ രാഷ്ട്രീയത്തിലെത്തിയ വിജയന്‍പിള്ള ആര്‍എസ്പിയിലെ ഭിന്നതയെ തുടര്‍ന്ന് 2000 കാലത്ത് കോണ്‍ഗ്രസിലേക്ക് മാറുകയായിരുന്നു. കരുണാകരനുമായിട്ടായിരുന്നു അടുപ്പം. കരുണാകരന്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം ഡിഐസിയുടെ ഭാഗമായി.
ശേഷം കരുണാകരന്‍ തിരിച്ച് കോണ്‍ഗ്രസിലെത്തിയപ്പോള്‍ വിജയന്‍പിള്ളയും കോണ്‍ഗ്രസിലേക്ക് തന്നെ മടങ്ങി. കെപിസിസി പ്രസിഡന്റായിരുന്ന വിഎം സുധീരനുമായി മദ്യനയവിഷയത്തിലുണ്ടായ ഭിന്നതയ്‌ക്കൊടുവില്‍ അദ്ദേഹം വീണ്ടും കോണ്‍ഗ്രസ് വിട്ടു.
അതിന് ശേഷമാണ് വിജയകുമാര്‍ സിഎംപിയില്‍ ചേര്‍ന്നത്. അന്നത്തെ അരവിന്ദാക്ഷന് വിഭാഗത്തിനൊപ്പമായിരുന്നു. അരവിന്ദാക്ഷന്‍ വിഭാഗം സിഎംപി സിപിഎമ്മില്‍ ലയിച്ചതോടെ വിജയന്‍പിള്ളയും സിപിഎമ്മിന്റെ ഭാഗമായി.
1951ല്‍ ചവറ മടപ്പള്ളി വിജയമന്ദിരത്തില്‍ നാരായണപിള്ളയുടെയും ഭവാനിയമ്മയുടെയും മകനായാണ് വിജയന്‍പിള്ള ജനിച്ചത്. ആര്‍എസ്പി നേതാവായിരുന്ന അച്ഛന്റെ പാത പിന്തുടര്‍ന്ന് രാഷ്ട്രീയത്തിലെത്തിയ അദ്ദേഹം നല്ലൊരു രാഷ്ട്രീയ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു.