കൊച്ചി: നിരവധി കേസുകളിൽ അന്യായമായി ഇടപെട്ട് പരാതിക്കാരേയും ഇരകളേയും ഉപദ്രവിക്കുന്നെന്ന പരാതി വ്യാപകമായതോടെ തൊടുപുഴ മുൻ സിഐ എൻജി ശ്രീമോനെ സർവീസിൽനിന്ന് സസ്പെന്റ് ചെയ്തു. സമൂഹത്തിന് ഭീഷണിയായ ശ്രീമോനെ അടിയന്തരമായി സസ്പെന്റ് ചെയ്യണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി നിർദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് നടപടി.
നിലവിൽ കോട്ടയം ക്രൈംബ്രാഞ്ചിലുള്ള ശ്രീമോനെതിരേ നടപടിയെടുത്ത ശേഷം റിപ്പോർട്ട് കോടതിയിൽ നൽകണമെന്നും ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ് എഡിജിപിയോട് കഴിഞ്ഞദിവസം ആവശ്യപ്പെട്ടിരുന്നു. സിവിൽതർക്കത്തിൽ അന്യായമായി ഇടപെട്ട് ശ്രീമോൻ പീഡിപ്പിക്കുന്നെന്ന് ആരോപിച്ച് തൊടുപുഴ ഉടുമ്പന്നൂർ സ്വദേശി ബേബിച്ചൻ വർക്കി നൽകിയ ഹർജിയിൽ വിജിലൻസ് ഐജി എച്ച് വെങ്കിടേഷ് നൽകിയ അന്വേഷണ റിപ്പോർട്ട് പരിഗണിച്ചാണു നടപടി.
ഇതിനുപുറമെ ശ്രീമോനെതിരെ മുപ്പതോളം പരാതികളിൽ 18 പരാതികളിലും കഴമ്പുണ്ടെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നു. ഇതു പരിഗണിച്ച കോടതി ഈ ഉദ്യോഗസ്ഥനെ എന്തിനാണ് ഇപ്പോഴും സർവീസിൽ തുടരാൻ അനുവദിക്കുന്നതെന്ന് സർക്കാരിനോട് ചോദിക്കുകയും ഇനിയും തുടരാൻ അനുവദിക്കുന്നത് സമൂഹത്തിനു ഭീഷണിയാണെന്നും കോടതി പറഞ്ഞിരുന്നുു. ഹർജി 13-ന് വീണ്ടും പരിഗണിക്കും.
ബേബിച്ചൻ വർക്കിക്ക് ഉടുമ്പന്നൂർ സ്വദേശിയായ വിജോ സ്കറിയയുമായുണ്ടായിരുന്ന കൂട്ടുകച്ചവടവുമായി ബന്ധപ്പെട്ട തർക്കമാണ് ശ്രീമോന്റെ മുന്നിൽ പരാതിയായി എത്തുന്നത്. വിജോയുടെ പ്രേരണയിൽ ശ്രീമോൻ തന്നെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ചാണ് ബേബിച്ചൻ കോടതിയെ സമീപിച്ചത്.
Discussion about this post