ഫഖ്റുദ്ധീന്‍ പന്താവൂര്‍
പൊന്നാനി: ഇവള് ഷെബീബ നുറങ്ങാനകം. പൊന്നാനിയിലെ യാഥാസ്ഥിതിക മുസ്ലിം കുടുംബത്തില്‍ ജനിച്ച ഈ പെണ്‍കുട്ടി ഒറ്റക്കുപോരാടി പുതിയജീവിതം സാധ്യമാക്കിയവളാണ്. പെണ്‍കുട്ടിയാണ് ഇത്രയൊക്കെ മതിയെന്ന സങ്കല്‍പ്പങ്ങളെ അപ്പാടെ തള്ളിക്കളഞ്ഞാണ് ഷെബീബ മുംബൈയില്‍ പഠിക്കാന്‍ പോയതും ജീവിതപങ്കാളിയെ കണ്ടെത്തിയതും. ഒരുമിച്ച് ജീവിച്ചതും. ഉന്നതപഠനത്തിനങ്ങിത്തിരിച്ചപ്പോള് എന്നെന്നേക്കുമായി നഷ്ടപെട്ടത് നാടും വീടും കുടുംബവുമായിരുന്നു. എന്നിട്ടുമവള്‍ സധൈര്യം മുന്നോട്ടുപോയി. വിജയകഥകള്‍ രചിച്ചു.
മതരഹിത ജീവിതം തെരഞ്ഞെടുത്ത ഷെബീബ ഇഷ്ടപ്പെട്ട പുരുഷനെ ജീവിത പങ്കാളിയാക്കിയതോടെ സമുദായത്തിനകത്തും കുടുബത്തും വെറുക്കപ്പെട്ടവളായി. ചില സംഘടനകളുടെ വധഭീഷണിയുമുണ്ടായി. എന്നിട്ടുമവള്‍ തളരാതെ ഉന്നതപഠനവുമായി മുന്നോട്ടുപോയി. ഇപ്പോള്‍ ഒരു ആഗ്രഹമെയുള്ളൂ.. സിവില്‍ സര്‍വീസ് നേടണം. ജില്ലാ കളക്ടറാവണം. എന്നിട്ട് തന്നെ പുറത്താക്കിയ നാട്ടിലേക്ക് ഒരു ജില്ലാ കളക്ടറായി കടന്നുവരണം. തീര്‍ച്ചയായും ഷെബീബക്ക് സാധിക്കുമത്. കാരണം വീട്ടുകാരുടെ എതിര്‍പ്പിനെ അവഗണിച്ച് സ്വന്തം നിലയ്ക്കാണ് അവള് മുംബൈ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്രിമിനോളജി പഠിച്ച് ഉന്നതമാര്‍ക്ക് വാങ്ങി പാസായി ചെന്നെയില്‍ ചൈല്‍ഡ് ലൈന്‍ ഹെഡ് ഓഫീസില്‍ ജോലിക്ക് കയറിയത്. കേരളത്തില്‍നിന്ന് ഒരാള്‍ക്ക് മാത്രമാണ് അന്ന് മുംബൈ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ട്രന്‍സ് കിട്ടിയത്.
ആ മിടുക്കി ഷെബീബയായിരുന്നു. നല്കാന് ഫീസില്ലാത്തതിനാല്‍ ഓരോ സെമസ്റ്ററിലും അവള്‍ക്ക് കിട്ടുന്ന സ്കോളര്‍ഷിപ്പുകള്‍ വലിയ പിന്തുണയായി. റ്റാറ്റാ ഇന്‍സ്റ്റിറ്റിയൂറ്റില്‍ നിന്നും ക്രിമിനോളജിയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് ഷെബീബക്കായിരുന്നു. ഇപ്പോള്‍ പി എച്ച് ഡി എടുക്കാനുള്ള ശ്രമത്തിലാണ്.അതിനുവേണ്ടി ജോലി ഉപേക്ഷിച്ചു. പിഎച്ച്ഡിക്ക് പുറമെ സിവില്‍ സര്‍വീസ് പരിശീലനത്തിലാണ് ഷെബീബ. എന്തുവന്നാലും ജില്ലാ കളക്ടറില്‍ കുറഞ്ഞ ലക്ഷ്യമില്ല.
പൊന്നാനി സ്കോളര്‍ കോളേജിലെ ഡിഗ്രി പഠനകാലത്ത് സോഷ്യല്‍ സയന്‍സ് പേപ്പറില്‍ 100 ല്‍ 100 മാര്‍ക്ക് വാങ്ങിയ മിടുക്കിയാണ് ഷെബീബ. ഹയര്‍സെക്കന്ററി പഠനകാലത്തു തന്നെ മതരഹിത ജീവിതത്തിലേക്ക് ഷബീബ മാറിയിരുന്നു. മദ്രസയിലെ പ്രിയപ്പെട്ട ഉസ്താദ് ഹംസ സഖാഫി ചേകനൂര്‍ വധക്കേസില്‍ ഒന്നാം പ്രതിയായി അറസ്റ്റിലായതോടെ ഷബീബയിലെ മതത്തോടുള്ള വിശ്വാസമാണ് തകര്‍ന്നത്. പാലപ്പെട്ടി ഹയര്‍സെക്കണ്ടറി സ്കൂളിലെ പഠനകാലം അവളിലെ വ്യക്തിത്വത്തെ രൂപപ്പെടുത്തി. അക്കാലയളവില്‍ പരിഷത്തുമായും യുക്തിവാദിസംഘവുമായും ബന്ധപെട്ട് പ്രവര്‍ത്തിച്ചിരുന്നു. മതത്തിനുള്ളിലും സമൂഹത്തിലും പെണ്‍കുട്ടികള്‍ വെറും ഉപകരണങ്ങള്‍ മാത്രമാണെന്ന് ഷെബീബ വേദനയോടെ തിരിച്ചറിഞ്ഞു.
കൂട്ടിനാരുമില്ലാതെ തന്നെ അവള് സധൈര്യം മുന്നോട്ടുപോയി. ഒറ്റക്കുപോരാടി. ഹൈസ്കൂളില്‍ പഠിക്കുമ്പോള്‍ സബ്ജില്ലാ കായികമേളയില്‍ വിജയിച്ച ഷെബീബയെ ജില്ലയിലേക്ക് വിടാന്‍ അമ്മാവന്മാര് തയ്യാറായില്ല. ആരോടും പറയാതെ ശാസ്ത്രമേളയില്‍ നിന്നും ട്രോഫിയുമായി വീട്ടിലെത്തി മറ്റൊരിക്കല്‍. ഡിഗ്രികാലം വരെ മതചിഹ്നങ്ങള്‍ അണിഞ്ഞ് തന്നെയാണ് ഷെബീബ നടന്നിരുന്നത്.അക്കാലയളവിലാണ് പാലക്കാട്ടുകാരനായ വിജീഷിനെ പരിചയപ്പെടുന്നത്. മതരഹിത ജീവിതമാണ് ബിസിനസുകാരനായ വിജീഷ് നയിച്ചിരുന്നത്. കാലടി സര്‍വ്വകലാശാലയില്‍ പിജിക്ക് പഠിക്കുമ്പോഴാണ് മുംബൈ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്‍ട്രന്‍സ് കിട്ടിയത്.
ആരും പിന്തുണച്ചില്ല. ഉമ്മയുടെയും ഉപ്പയുടെയും മൗനത്താലുള്ള പിന്തുണമാത്രം ബലമേകി. അമ്മാവന്മാരെ ധിക്കരിച്ച് ഒറ്റക്ക് പഠിക്കാന്‍ പോയി. മതമില്ലാത്തവളായതിനാല് അവര്‍ക്ക് വെറുമൊരു നരകത്തിലെ വിവകുമാത്രമായി ഷെബീബ. വിവാഹം രജിസ്റ്റര്‍ ചെയ്തതോടെ എന്നെന്നേക്കുമായി വീടും നാടും നഷ്ടപ്പെട്ടു. വധഭീഷണിയുമായി ചില തീവ്ര സംഘടനകള്‍ വന്നു. സോഷ്യല്‍ മീഡിയയിലൂടെ അധിക്ഷേപിച്ചു. ഒറ്റക്കു പോരാടി പുതിയ വിജയങ്ങള്‍ തീര്‍ത്തു ഷെബീബ.
വീട്ടുകാര്‍ പൊന്നാനിയില്‍നിന്നും എടപ്പാളിലേക്ക് മാറിയിരുന്നു ഇതിനകം. 2016 ലാണ് പ്രിയപ്പെട്ട ഉപ്പ മരണപ്പെട്ടത്.അതിന് ശേഷമായിരുന്നു വിവാഹവും ഒറ്റപ്പെടുത്തലുമൊക്കെ. മതമില്ലെങ്കിലും മനുഷ്യനായി ജീവിച്ചാല്‍ മതിയെന്ന് ഷെബീബ അനുഭവത്തിന്റെ സാക്ഷ്യത്തില്‍ പറയുന്നു. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പം പാലക്കാടാണ് ഈ പൊന്നാനിക്കാരി ജീവിക്കുന്നത്. ‘ ഒരിക്കല്‍ ജില്ലാ കലക്ടറായി പൊന്നാനിയിലെത്തും. ആട്ടിയോടിച്ചവര്ക്കുമുന്നില് അഭിമാനത്തോടെയും അധികാരത്തോടെയും തലയുയര്‍ത്തി നില്ക്കും’ ഷെബീബയുടെ ഉറച്ച വാക്കുകള്‍ക്ക് അനുഭവങ്ങളുടെ തീഷ്ണതയുണ്ട്.
Discussion about this post