തിരുവനന്തപുരം: ഡല്‍ഹി കലാപം റിപ്പോര്‍ട്ട് ചെയ്തതുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസിനും മീഡിയ വണ്‍ ചാനലിനും വിലക്കേര്‍പ്പെടുത്തിയ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിന്റെ നടപടിയില്‍ കേരള പത്രപ്രവര്‍ത്തക യൂണിയന്‍ പ്രതിഷേധിച്ചു. മാധ്യമങ്ങളെ വിലക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് മാധ്യമപ്രവര്‍ത്തകര്‍ തിരുവനന്തപുരത്ത് പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.
വിവിധ മാധ്യമസ്ഥാപനങ്ങിലെ മാധ്യമപ്രവര്‍ത്തകര്‍ നഗരത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തു. തിരുവനന്തപുരം പ്രസ് ക്ലബ്, പത്രപ്രവര്‍ത്തക യൂണിയന്‍ തിരുവനന്തപുരം ജില്ലാ കമ്മിറ്റി, കെഎന്‍ഇഎഫ് എന്നീ സംഘടനകളുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിച്ചത്. തിരുവനന്തപുരം പ്രസ് ക്ലബിന് മുന്നില്‍ നിന്നും ആരംഭിച്ച പ്രതിഷേധപ്രകടനം സമരഗേറ്റ് ചുറ്റി ജിപിഒയ്ക്ക് മുന്നിലാണ് അവസാനിപ്പിച്ചത്.
കഴിഞ്ഞ ദിവസം വൈകീട്ട് ഏഴരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വണ്‍ എന്നീ ചാനലുകളുടെ സംപ്രേക്ഷണം കേന്ദ്ര വാര്‍ത്തവിനിമയ വകുപ്പ് തടഞ്ഞത്. കേന്ദ്ര സര്‍ക്കാറിന്റെ ഈ നടപടിക്കെതിരെ കക്ഷിരാഷ്ട്രീയ ഭേദമന്യേ വന്‍ പ്രതിഷേധമാണ് ഉണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നരയോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് ചാനലിന്റെ പ്രക്ഷേപണം പുനഃസ്ഥാപിച്ചത്. മീഡിയ വണ്‍ ചാനലിന്റെ പ്രക്ഷേപണം രാവിലെയാണ് പുനഃസ്ഥാപിച്ചത്.
Discussion about this post