കിടപ്പാടമില്ലാതെ പ്രീത ഷാജി; പണയം വെച്ച ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയണമെന്ന് ഹൈക്കോടതി

താക്കോല്‍ കൈമാറിയിട്ടും കുടില്‍കെട്ടി ഇവിടെ സാധനങ്ങള്‍ സൂക്ഷിക്കുകയോ കുടുംബം താമസിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് റവന്യു വകുപ്പിനോട് കോടതി നിര്‍ദ്ദേശിച്ചു.

കൊച്ചി: കിടപ്പാടം ജപ്തി ചെയ്തതിനെതിരെ സമരം ചെയ്യുന്ന എറണാകുളം ഇടപ്പള്ളിയിലെ പ്രീത ഷാജി പണയം വെച്ച ഭൂമിയില്‍ നിന്നും പൂര്‍ണ്ണമായി ഒഴിയണമെന്ന് ഹൈക്കോടതി. താക്കോല്‍ കൈമാറിയിട്ടും കുടില്‍കെട്ടി ഇവിടെ സാധനങ്ങള്‍ സൂക്ഷിക്കുകയോ കുടുംബം താമസിക്കുകയോ ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണമെന്ന് റവന്യു വകുപ്പിനോട് കോടതി നിര്‍ദ്ദേശിച്ചു. എന്നാല്‍ താന്‍ താമസിക്കുന്നത് പണയഭൂമിയിലല്ലെന്ന് പ്രീത ഷാജി കോടതിയെ അറിയിച്ചു.

ഹൈക്കോടതി നിര്‍ദേശപ്രകാരം കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്രീത ഷാജിയും കുടുംബവും വീടിന്റെ താക്കോല്‍ കൈമാറിയത്. എന്നാല്‍ വീടൊഴിഞ്ഞിട്ടും വീടിരിക്കുന്ന ഭൂമിയില്‍ കുടില്‍ കെട്ടി പ്രീത വീട്ടു സാധനങ്ങള്‍ സൂക്ഷിക്കുന്നുവെന്ന് കാണിച്ച് സ്ഥലം വാങ്ങിയ രതീഷ് വീണ്ടും കോടതിയെ സമീപിച്ചു.

ഭൂമിയും, കെട്ടിടവും പണയത്തിലാണെന്ന് ബാങ്കും കോടതിയില്‍ അറിയിച്ചു. ഇതേ തുടര്‍ന്നാണ് സ്ഥലം വില്ലേജ് ഓഫീസറോട് ഏന്തെങ്കിലും തരത്തിലുള്ള കുടില്‍ പണയഭൂമിയിലുണ്ടോയെന്ന് പരിശോധിച്ച് മറുപടി നല്‍കാന്‍ കോടതി നിര്‍ദ്ദേശിച്ചത്. വീടിരിക്കുന്ന ഭൂമിയിലേക്ക് ആരും കയറുന്നില്ലെന്ന് ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു.

ബന്ധുവിന്റെ ഭൂമിയിലും, വീട്ടിലേക്കുള്ള വഴിയിലുമാണ് കുടില്‍ കെട്ടിയിരിക്കുന്നതെന്ന് പ്രീത ഷാജി പറഞ്ഞു. വാടക വീട് എടുക്കാനാവാത്തതിലാണ് വീട്ടുസാധനങ്ങള്‍ മാറ്റാന്‍ കഴിയാത്തത്. കോടതി പരാമര്‍ശത്തെ തുടര്‍ന്ന് ഇതും കുടിലിലേക്ക് മാറ്റും, അവര്‍ പറഞ്ഞു.

അതേസമയം, ഭൂമിയുടെ രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍നടപടിയെടുക്കുമെന്ന് തൃക്കാക്കര നോര്‍ത്ത് വില്ലേജ് ഓഫീസ് അറിയിച്ചു. അടുത്ത മാസം 11ാം തിയതി കേസില്‍ അന്തിമ വാദം നടക്കും.

Exit mobile version