കോഴിക്കോട്: വടക്ക്-കിഴക്കൻ ഡൽഹിയിലെ കലാപം റിപ്പോർട്ട് ചെയ്തതിൽ വീഴ്ച ഉണ്ടായെന്ന് ചൂണ്ടിക്കാണിച്ച് കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം രണ്ട് മലയാളം ചാനലുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് സ്വമേധയാ പിൻവലിച്ചു. വെള്ളിയാഴ്ച രാത്രി 7.30 മുതൽ ഞായറാഴ്ച രാത്രി 7.30 വരെയാണ് വിലക്കെന്ന് കേന്ദ്രം അറിയിച്ചിരുന്നെങ്കിലും ഒരു രാത്രിക്ക് അപ്പുറം വിലക്ക് നീട്ടാതെ സംപ്രേക്ഷണം പുനഃസ്ഥാപിക്കുകയായിരുന്നു. എന്നാൽ, ഇതിനിടയ്ക്ക് ചാനലുകളെ വിലക്കിയ വാർത്ത വന്നതിന് പിന്നാലെ സംഘപരിവാർ കിട്ടിയ അവസരം വിനിയോഗിച്ച് വൻ ആഘോഷപരിപാടികൾ നടത്തുകയും വിലക്ക് പെട്ടെന്ന് തന്നെ നീക്കിയതോടെ നാണംകെട്ടിരിക്കുകയുമാണ്.
ആർഎസ്എസിനെ വിമർശിച്ചതും കേന്ദ്രത്തിന്റെ കൈയ്യാളായ ഡൽഹി പോലീസിനെ വിമർശിച്ചതും ചൂണ്ടിക്കാണിച്ചാണ് മീഡി വണ്ണിന് വിലക്ക് ഏർപ്പെടുത്തിയിരുന്നത്. അതുകൊണ്ടുതന്നെ സംഘപരിവാർ ഈ വിലക്കിനെ ആഘോഷമാക്കിയാണ് വരവേറ്റത്. ബിജെപി അനുകൂല സംഘടനകൾ ചാനലിന്റെ ഏഫീസിന് മുന്നിലെത്തി ആഹ്ലാദപ്രകടനം നടത്തിയത് പ്രബുദ്ധകേരളത്തിന് തന്നെ നാണക്കേടാവുകയും ചെയ്തു. വെള്ളിയാഴ്ച രാത്രി മീഡിയാ വൺ ചാനലിന്റെ ഓഫീസിലെത്തി പൂത്തിരി കത്തിച്ചും പടക്കം പൊട്ടിച്ചുമാണ് സംഘപരിവാർ സംഘടനകൾ വിലക്ക് ആഘോഷമാക്കിയത്.
നേരത്തെ, ഡൽഹിയിലെ സംഘപരിവാറിന്റെ ന്യൂനപക്ഷ വേട്ട വാർത്തയാക്കിയതിന് പിന്നാലെ ബിജെപി പചാനൽ ചർച്ചയിൽ തന്നെ ബഹളം വെച്ചിരുന്നു. ചാനൽ മാപ്പ് പറയണമെന്ന് ആരോപിച്ച് ബിജെപി നേതാവ് എസ് സുരേഷ് ചാനൽ ചർച്ച ബഹിഷ്‌കരിച്ച് ഇറങ്ങി പോകുകയും ചെയ്തു. കൊറോണ പശ്ചാത്തലത്തിൽ ആറ്റുകാൽ പൊങ്കാല ഒഴിവാക്കണമെന്ന ഏഷ്യാനെറ്റ് മേധാവിയുടെ വാക്കുകളും സംഘപരിവാറിനെ ചൊടിപ്പിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇരു ചാനലുകൾക്കുമെതിരെ ഉണ്ടായ നടപടി ആഘോഷമാക്കി സംഘപരിവാർ സംഘടനകൾ സോഷ്യൽമീഡിയയിലടക്കം രംഗത്തെത്തിയിരുന്നു.
ഡൽഹി കലാപം ഏകപക്ഷീയമായി റിപ്പോർട്ട് ചെയ്തുവെന്നാണ് ഏഷ്യാനെറ്റും മീഡിയ വണ്ണും നേരിടുന്ന ആരോപണം. ഇക്കാര്യത്തിൽ കേന്ദ്ര വാർത്താവിനിമയ മന്ത്രാലയം വിശദീകരണം ചോദിച്ചിരുന്നു. എന്നാൽ, വിശദീകരണം നൽകിയിട്ടും കാരണമൊന്നും കാണിക്കാതെയാണ് ചാനലുകളുടെ സംപ്രേഷണം കേന്ദ്രസർക്കാർ നിർത്തി വച്ചത്. ഡൽഹിയിലെ സ്ഥിതിഗതികൾ അതീവഗുരുതരമായി തുടരുന്നതിനിടെ, രാജ്യത്തെ മതസൗഹാർദ്ദം തകർക്കുന്ന രീതിയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്‌തെന്നാണ് കേന്ദ്രം ചാനലുകൾക്ക് നൽകിയ നോട്ടീസിൽ പറയുന്നത്.
Discussion about this post