കോട്ടയം: ബസുകളുടെ മുന്നിലെ ഗ്ലാസില്‍ പതിപ്പിച്ച സ്റ്റിക്കര്‍ ജീവനക്കാരെ കൊണ്ട് കീറിയെടുപ്പിച്ച് മോട്ടോര്‍വാഹന വകുപ്പ്. കോട്ടയം നഗരത്തിലെ 16ഓളം ബസുകള്‍ക്കാണ് പിടിവീണത്. ഡ്രൈവര്‍മാരുടെ കാഴ്ച മറയ്ക്കുന്ന രീതിയില്‍ പതിച്ചിരുന്ന ചിത്രങ്ങളും സ്ഥലപ്പേരുകളും ഉള്‍പ്പെടുന്ന സ്റ്റിക്കറുകളാണ് കീറിയെടുപ്പിച്ചത്.
ബസുകള്‍ അടക്കമുള്ള ഭാരവാഹനങ്ങളില്‍ ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന ഒരു മീറ്റര്‍ ബ്ലാക്ക് സ്പോട്ടാണെന്നും ഗ്ലാസില്‍ സ്റ്റിക്കറും മറ്റുള്ള അലങ്കാരപ്പണികളും ഉണ്ടാകുമ്പോള്‍ ഇത് രണ്ടു മീറ്റര്‍ വരെയാകുമെന്നും ഇത് അപകടം വര്‍ധിക്കുന്നതിന് ഇടയാക്കുമെന്നും അധികൃതര്‍ പറയുന്നു. വാഹനങ്ങള്‍ നിരന്തരം അപകടത്തില്‍പ്പെടുന്നത് ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് പരിശോധന ശക്തമാക്കിയത്. സ്വകാര്യ ബസുകളുടെ കണ്ണാടികളില്‍ നിന്ന് ഇത്തരം അലങ്കാരപ്പണികള്‍ ഒഴിവാക്കണമെന്ന ഹൈക്കോടതി വിധിയുടെ കൂടെ അടിസ്ഥാനത്തിലായിരുന്നു അധികൃതര്‍ പരിശോധന നടത്തിയത്.
കോട്ടയം നഗരത്തില്‍ നാഗമ്പടം ബസ് സ്റ്റാന്‍ഡിലും ജില്ലയിലെ വിവിധ സ്ഥലങ്ങളിലുമായിരുന്നു വ്യാപക പരിശോധന. സ്റ്റിക്കറുകളും മറ്റും ഇളക്കിമാറ്റിയത് കൂടാതെ 250 രൂപ പിഴയും ഈടാക്കി. ബസുകളില്‍ നിന്നും ഇവ നീക്കം ചെയ്യാന്‍ രണ്ട് ദിവസം അനുവദിച്ചു.
Discussion about this post