കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയിലെ ഫാമുകളിലാണ് രോഗം സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് ഫാമുകളിലെ വളര്‍ത്തുപക്ഷികളെ കൊന്ന് കത്തിച്ചു കളയാനാണ് അധികൃതരുടെ തീരുമാനം. ഇതിനു പുറമെ ഫാമുകളില്‍ നിന്ന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികളെയും കൊന്നുകളയും.
കോഴിക്കോട് ജില്ലയിലെ വേങ്ങേരിയിലേയും കൊടിയത്തൂരിലേയും കോഴി ഫാമുകളിലാണ് നിലവില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. അതേസമയം ജനങ്ങള്‍ ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും രോഗം ആളുകളിലേക്ക് പടര്‍ന്നിട്ടില്ലെന്നുമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കിയത്.
രോഗം സ്ഥിരീകരിച്ച കൊടിയത്തൂരില്‍ 6193 കോഴികളെയും കോഴിക്കോട് കോര്‍പ്പറേഷനില്‍ 3524 കോഴികളേയും ചാത്തമംഗലം പഞ്ചായത്തില്‍ 3214 കോഴികളെയും നശിപ്പിക്കാനാണ് തീരുമാനം. രോഗം ബാധിച്ചതിന് 10 കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ ജാഗ്രതാ നിര്‍ദേശവും നല്‍കിയിട്ടുണ്ട്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പ് അഞ്ച് അംഗങ്ങളുള്ള 25 ടീമുകളെ സജ്ജമാക്കിയിട്ടുണ്ട്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയെന്നും മൃഗസംരക്ഷണവകുപ്പ് മന്ത്രി കെ രാജു അറിയിച്ചു. സംസ്ഥാനത്ത് 2016 ല്‍ കുട്ടനാട്ടിലാണ് ഇതിനുമുമ്പ് പക്ഷിപ്പനി സ്ഥിരീകരിച്ചത്.
Discussion about this post