തൃശ്ശൂര്‍: ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ വാര്‍ത്താചാനലുകളുടെ സംപ്രേഷണം വിലക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് കെകെ രാഗേഷ് എംപി. ഏഷ്യാനെറ്റ്, മീഡിയ വണ്‍ ചാനലുകളുടെ സംപ്രേഷണം തടഞ്ഞുവെച്ച നടപടി ഫാസിസമാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും ജനാധിപത്യതത്വങ്ങളെയും പിച്ചിച്ചീന്തുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കെക രാഗേഷ് വിമര്‍ശിച്ചു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സിന്റെ പങ്കാളിത്തത്തെ സംബന്ധിച്ചും ഡല്‍ഹി പോലീസിന്റെ നിഷ്ക്രിയത്വം സംബന്ധിച്ചും വാര്‍ത്ത നല്‍കിയതിനാണ് ഈ ചാനലുകളെ വിലക്കിയതെന്നും കെകെ രാഗേഷ് എംപി പറഞ്ഞു.
മാധ്യമങ്ങളെ ഒന്നൊന്നായി നിശ്ശബ്ദമാക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത് അധികാരസിംഹാസനം ഉറപ്പിക്കാനുള്ള ഫാസിസ്റ്റുകളുടെ നീചതന്ത്രത്തിനെതിരെ ഓരോ പൗരനും പ്രതികരിക്കേണ്ടതുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തെ ഇത്തരം നീക്കങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് പിന്തിരിപ്പന് ഭരണകൂടങ്ങളെ നമുക്ക് പഠിപ്പിക്കേണ്ടതുണ്ടെന്നും കെകെ രാഗേഷ് കൂട്ടിച്ചേര്‍ത്തു. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു കെകെ രാഗേഷ് വിമര്‍ശനം ഉയര്‍ത്തിയത്.
ഫേസ്ബുക്ക് പോസ്റ്റ്:
കാശ്മീര്മോഡല് മാധ്യമവിലക്ക് രാജ്യവ്യാപകമാക്കാന്‍ ശ്രമം
ഏഷ്യാനെറ്റ്, മീഡിയ വണ്‍ എന്നീ വാര്‍ത്താചാനലുകളുടെ സംപ്രേഷണം തടഞ്ഞുവെച്ച നടപടി ഫാസിസമാണ്. ഭരണഘടന ഉറപ്പുവരുത്തുന്ന അഭിപ്രായസ്വാതന്ത്ര്യത്തെയും ജനാധിപത്യതത്വങ്ങളെയും പിച്ചിച്ചീന്തുകയാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ചെയ്യുന്നത്. ഡെല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ആര്‍എസ്എസ്സിന്റെ പങ്കാളിത്തത്തെ സംബന്ധിച്ചും ഡല്‍ഹി പോലീസിന്റെ നിഷ്ക്രിയത്വം സംബന്ധിച്ചും വാര്‍ത്ത നല്‍കിയതിനാണ് ഈ ചാനലുകളെ വിലക്കിയത്. ഡല്‍ഹി കലാപം ആര്‍എസ്എസ്സ് ആസൂത്രണം ചെയ്തത് തന്നെയാണ്. ഗുജറാത്തില്‍ പ്രയോഗിച്ച അതേ കുതന്ത്രം ഡല്‍ഹിയിലും നടപ്പാക്കുകയാണ് അവര്‍ ചെയ്തത്. പൗരത്വനിയമഭേദഗതിക്കെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താന്‍ ആഹ്വാനം ചെയ്ത ആര്‍എസ്എസ് നേതാക്കള്‍ക്കെതിരായി ഡല്‍ഹി പോലീസ് എന്തുനടപടിയാണെടുത്തത്. പ്രതിഷേധക്കാര്‍ക്കെതിരായി സംഘപരിവാറിന്റെ സംഘടിതകലാപമുണ്ടാവുമെന്നറിഞ്ഞിട്ടും എന്തുകൊണ്ടാണ് അമിത്ഷായുടെ പോലീസ് അനങ്ങാതിരുന്നത്? ഹിന്ദുത്വതീവ്രവാദികള്‍ കടന്നാക്രമണം നടത്തുമ്പോള്‍ കല്ലെറിയാനും ആക്രമിക്കാനും ഡല്‍ഹിപോലീസ് നിര്‍ദ്ദേശം നല്‍കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതാണ്. കാവികൊലയാളികള്‍ക്കൊപ്പം ഡല്‍ഹി പോലീസിനെയും കയറൂരിവിടുകയായിരുന്നു ചെയ്തതെന്ന് ഇന്ന് എല്ലാവര്ക്കും അറിയാം. ഇക്കാര്യങ്ങളെല്ലാം സധൈര്യം വിളിച്ചുപറഞ്ഞ മാധ്യമ പ്രവര്‍ത്തകരെ അഭിനന്ദിക്കണം. സത്യം ഉറക്കെപ്പറയുന്നവര്‍ കലാപത്തീയില്‍ എണ്ണയൊഴിക്കുകയാണെന്ന മോഡി സര്‍ക്കാറിന്റെ വിചിത്രമായ കണ്ടെത്തലിന്റെ ലക്ഷ്യം വളരെ വ്യക്തമാണ്. മാധ്യമങ്ങളെ ഒന്നൊന്നായി നിശ്ശബ്ദമാക്കി ജനാധിപത്യത്തെ കശാപ്പുചെയ്ത് അധികാരസിംഹാസനം ഉറപ്പിക്കാനുള്ള ഫാസിസ്റ്റുകളുടെ നീചതന്ത്രത്തിനെതിരെ ഓരോ പൗരനും പ്രതികരിക്കേണ്ടതുണ്ട്. ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടത്തെ ഇത്തരം നീക്കങ്ങളിലൂടെ ഇല്ലാതാക്കാന്‍ കഴിയില്ല എന്ന് പിന്തിരിപ്പന് ഭരണകൂടങ്ങളെ നമുക്ക് പഠിപ്പിക്കേണ്ടതുണ്ട്.
കെ.കെ. രാഗേഷ്
Discussion about this post